കൊച്ചി: കെ.എസ്.യു. സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച നടത്തിയ നിയമസഭാ മാർച്ചിനു നേരേയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. ഇതേത്തുടർന്നുണ്ടായ നേരിയ സംഘർഷത്തിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 12-ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഡി.സി.സി. ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് കൊച്ചി കോർപറേഷനു സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസാരിച്ചു. യോഗം അവസാനിച്ചതോടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ടുവന്നു. ഏതാനും പേർ പോലീസിനു നേരെ കൊടികൾ വലിച്ചെറിഞ്ഞു. തുടർന്ന് അല്പനേരം പിൻവാങ്ങി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ പൊടുന്നനെ ബാരിക്കേഡിെന്റ ഒരുവശത്തുണ്ടായിരുന്ന ചെറിയ വിടവിലൂടെ തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
വീണ്ടും പ്രതിഷേധം ശക്തമായതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പോലീസിനെ അസഭ്യം വിളിച്ച കെ.എസ്.യു. പ്രവർത്തകരെ ടോണി ചമ്മണി ശാസിച്ചു. ഇതിനു ശേഷവും പിരിഞ്ഞുപോകാതെ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കെ.എസ്.യു. നേതാക്കളായ ഭാഗ്യനാഥ് എസ്. നായർ, ഷാരോൺ പനക്കൽ, പി.എച്ച്. അസ്ലം, വി.ആർ. രാംലാൽ, ആനന്ദ് കെ. ഉദയൻ, കെ.എം. മൻസൂർ, കെ.എം. അനസ്, എ.എച്ച്. സനൽ, സഫൽ വലിയവീടൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ ബാബു പുത്തനങ്ങാടി, ദീപക് ജോയ്, ജോൺസൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.