കോതമംഗലം: മാമലകണ്ടത്ത് കിണറ്റിൽ വീണ രാജവെമ്പാലയെ അതിസാഹസികമായി വനപാലകർ പിടികൂടി നിബിഡവനത്തിൽ തുറന്നുവിട്ടു. എളംബ്ലാശ്ശേരി ഭാഗത്ത് പി.പി. ശശി എന്നയാളുടെ കിണറ്റിൽ എട്ട് അടി നീളമുള്ള രാജവെമ്പാലയാണ് വീണത്.

ഞായറാഴ്ച വൈകീട്ട് കിണറ്റിൽ നിന്ന് വെള്ളം കോരാൻ കപ്പിയിട്ടപ്പോൾ അസാധാരണ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പത്തിവിടർത്തി കിണറ്റിൽ രാജവെമ്പാലയെ കണ്ടത്. ഭയന്ന് വിറച്ച വീട്ടുകാർ ഉടൻ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. കോതമംഗലത്ത് നിന്ന് പാമ്പുപിടിത്തക്കാരൻ ഷൈൻ എത്തി ഏറെ നേരത്ത പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ ചാക്കിലാക്കിയത്.

ഈ ഭാഗത്ത് നിന്ന് അടുത്ത ദിവസങ്ങളിലായി പിടിക്കുന്ന നാലാമത്തെ രാജവെമ്പാലയാണിത്. ഈ പ്രദേശം രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണ്. രാജവെമ്പാലയെ പിന്നീട് നിബിഡവനത്തിൽ തുറന്നുവിട്ടു.