കോതമംഗലം: കഥകളിലെ ഭൂതം കെട്ടിയ അണയും മനുഷ്യൻ കെട്ടിയ അണയും ചേരുന്ന ഭൂതത്താൻകെട്ടിനെ പ്രളയം മാറ്റിമറിച്ചു. വെള്ളപ്പൊക്കനാളുകളിൽ കലിപൂണ്ടൊഴുകിയ പെരിയാർ വലിയ രൂപമാറ്റമാണ് ഇവിടെ വരുത്തിയിരിക്കുന്നത്. പെരിയാറിലെ അവസാന അണക്കെട്ടാണ് ഭൂതത്താൻകെട്ട്. ചരിത്രത്താളുകളിൽ ഭൂതത്താൻ കെട്ടിയതെന്ന് പറയുന്ന പഴയ ഭൂതത്താൻകെട്ടിനെ അപ്പാടെ തൂത്തെറിഞ്ഞാണ് പെരിയാർ പോയത്. മണ്ണുകൊണ്ടുള്ള പഴയ തുരുത്തുകൾ അപ്രത്യക്ഷ്യമായപ്പോൾ മണലുകൊണ്ട്് പെരിയാർ പുതിയ തുരുത്ത് സൃഷ്ടിച്ചു.

മരങ്ങളും ചെടികളും വളർന്ന് പ്രകൃതിഭംഗിയാൽ സമൃദ്ധമായിരുന്നു പഴയ തുരുത്ത്. ഒരു കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് പുതിയ മണൽത്തുരുത്ത്. പുഴ വിസ്‌തൃതമായപ്പോൾ ആഴം കുറഞ്ഞു. ഒരുഭാഗത്ത് വനഭൂമിയാണ് െെകയടക്കിയതെങ്കിൽ, മറുഭാഗത്ത് െെകയേറ്റഭൂമിയാണെന്ന വ്യത്യാസം മാത്രം. ഇരുഭാഗത്തേയും തീരം 15 മീറ്ററുകളോളം പുഴയെടുത്തു. മണ്ണും മണലും ചെളിയും അടിഞ്ഞ്് വലിയ തിട്ടകളായി രൂപപ്പെട്ടിരിക്കുകയാണിവിടം.

പുഴയിൽ പുതിയ മണൽത്തിട്ടകൾ രൂപംകൊണ്ടപ്പോൾ പുഴയുടെ ആഴം ഒരു മീറ്ററിലേറെ കുറഞ്ഞതായാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന. പുഴയിലെ കുഴികൾ നികന്നു.

തൃക്കാരിയൂർ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയുന്ന പഴയ ഭൂതത്താൻകെട്ടിൽ പെരിയാറിന് കുറുകെ ഭൂതം കല്ലുപെറുക്കിവച്ച് കെട്ടിയതെന്ന് പറയുന്നതാണ്‌ അണക്കെട്ട്. ഭൂതം കെട്ടിയ അണയിൽ ക്ഷേത്രം മുങ്ങിയില്ലെങ്കിലും ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ ക്ഷേത്ര ശ്രീകോവിലടക്കം പ്രദേശമാകെ പ്രളയത്തിൽ മുങ്ങി. വെള്ളപ്പൊക്കം മുന്നിൽക്കണ്ട് ഒരുമാസം മുമ്പ് അടച്ച ഇക്കോ ടൂറിസം പ്രദേശത്തേക്ക് ഈയാഴ്ച പ്രവേശനം പുനരാരംഭിക്കും... പ്രളയം നൽകിയ പഴയതും പുതിയതുമായ കാഴ്ചകൾ കാണാൻ.