കോതമംഗലം: പെരിയാർ നിറഞ്ഞതോടെ ഓളപ്പരപ്പുകളിൽ വീണ്ടും ഉല്ലാസനൗകകൾ ഓടിത്തുടങ്ങി. ഇനിയുള്ള അഞ്ചുമാസം സഞ്ചാരികളുമായി ബോട്ട് സർവീസ് ഉണ്ടാകും. തേക്കടി കഴിഞ്ഞാൽ പശ്ചിഘട്ടത്തിന്റെ വശ്യതയാർന്ന സൗന്ദര്യം നുകർന്ന് ബോട്ടുയാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ഭൂതത്താൻകെട്ട്. മലനിരകൾക്ക്‌ വെള്ളിയരഞ്ഞാണം ചാർത്തിയപോലെ ഒഴുകുന്ന പെരിയാറിന്റെ വന്യശോഭ ബോട്ടുയാത്രയിലെ മനോഹര ദൃശ്യമാണ്.

കാറ്റിന്റെ സംഗീതത്തിനൊപ്പം ഓടിമറയുന്ന മാൻകൂട്ടവും ജലപ്പരപ്പുകളിൽ മുങ്ങിനിവരുന്ന ജലപ്പക്ഷികളും കാഴ്ചയ്ക്ക്‌ അനുഭൂതി പകരും. പുലർച്ചെ ഹരിതശോഭയാർന്ന മലനിരകൾ മഞ്ഞിൽ പുതച്ചുകിടക്കുകയാണെങ്കിൽ സായംസന്ധ്യയിൽ കുങ്കുമച്ചാർത്തണിയുന്ന അഭൗമകാഴ്ചകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന മുഖ്യഘടകമാണ്. പുതുവത്സര സമ്മാനമായി ഈ വർഷത്തെ ബോട്ടുയാത്ര ആരംഭിച്ചത് ഭൂതത്താൻകെട്ടിന്റെ ടൂറിസം വളർച്ചയ്ക്ക് കരുത്താകും.

പ്രളയത്തിൽ നിന്ന്... പുതിയ തീരത്തേക്ക്

കോതമംഗലം: ഭൂതത്താൻകെട്ട് സ്വാഭാവികഭംഗി വീണ്ടെടുത്തിരിക്കുകയാണ്. പ്രളയത്തിൽ കലങ്ങിമറിഞ്ഞ്, സംഹാരതാണ്ഡവമാടി ഒഴുകിയ പെരിയാർ ഇപ്പോൾ കൂടുതൽ സുന്ദരിയായി. പ്രളയം വഴിമാറിയപ്പോൾ നോക്കെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന മണൽപ്പരപ്പുകളും വീതിയേറിയ പുഴയും നീണ്ടുകിടക്കുന്ന തീരത്ത് കുളിക്കാനും കളിക്കാനും സൗകര്യമൊരുക്കി പെരിയാർ പഴയ രാജപ്രൗഢി വീണ്ടെടുത്തതോടെ സഞ്ചാരികളുടെ ഒഴുക്കായിരിക്കുകയാണ്.

ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ ജലസംഭരണിയായ പെരിയാർ ജലസമൃദ്ധമായി. ചെറുതും വലുതുമായ നിരവധി ഹൗസ്ബോട്ടുകളും സ്പീഡ് ബോട്ടുകളും പെരിയാറിലൂടെ സർവീസ് തുടങ്ങി. ഭൂതത്താൻകെട്ട്-തട്ടേക്കാട് മേഖലയിൽ ബോട്ട് സവാരി നടത്തി പ്രകൃതിയെ കൂടുതൽ അടുത്തറിയാനുള്ള അവസരമാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് ലഭിക്കുന്നത്.

വന്യമൃഗങ്ങളേയും ദേശാടന പക്ഷികളേയുമെല്ലാം ഭാഗ്യമുണ്ടെങ്കിൽ അടുത്ത് കാണാൻ അവസരം ലഭിക്കും. ഡി.ടി.പി.സി. യുടെ ഉടമസ്ഥതയിലുള്ള വിശാലമായ തടാകത്തിൽ പെഡൽബോട്ടുകളും സഞ്ചാരികളെ കാത്തിരിക്കുകയാണ്.

രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ബോട്ട് സവാരിക്കുള്ള സമയം. കഴിഞ്ഞ സീസണിൽ ഏറെ വൈകിയാണ് ബോട്ട് സർവീസ് ആരംഭിച്ചത്. ഇതുമൂലം ഒട്ടേറെ സഞ്ചാരികളെ ഭൂതത്താൻകെട്ടിൽ നിന്ന്‌ അകറ്റിയിരുന്നു. ഇത്തവണ ബോട്ട് സർവീസ് നേരത്തെ ആരംഭിക്കാൻ കഴിഞ്ഞത് ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്കായി ഹോട്ടലുകൾ ഉൾപ്പടെയുള്ള സംരംഭങ്ങളും ഒരുങ്ങിയിട്ടുണ്ട്. തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ജലാശയത്തിൽ നിശബ്ദതയുടെ ഓളത്തിലൂടെ കാഴ്ചകൾ നുകർന്നുള്ള സഞ്ചാരത്തിന് പെഡൽ ബോട്ടുകളും തയ്യാറാക്കിയിട്ടുണ്ട്.

ഭൂതത്താൻകെട്ടിൽ ഈവർഷത്തെ ബോട്ട് സർവീസ് ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തട്ടേക്കാട് പെഡൽ ബോട്ട് സർവീസ്‌ വൈൽഡ് ലൈഫ് വാർഡൻ പി.യു. സാജുവും ഉദ്ഘാടനം ചെയ്തു.