കോതമംഗലം : വാരപ്പെട്ടി ഗ്രാമപ്പഞ്ചായത്തിലെ ഇളങ്ങവം എട്ടാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന്‌ ഒഴിവാക്കി. റോഡുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. കോവിഡ് വ്യാപന ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡോക്ടർ ദമ്പതിമാർക്കും കുടുബാംഗങ്ങൾക്കും രോഗം പിടിപെട്ടതോടെയാണ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കൂടാതെ, മറ്റൊരാളും രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരിൽ ഏതാനും പേരെ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. മറ്റുള്ളവരിൽ ഏറെപ്പേരുടേയും ക്വാറന്റീൻ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. വാരപ്പെട്ടിയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഒഴിഞ്ഞത്. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നാണ് അധികൃതരുടെ നിർദേശം.

കോതമംഗലം താലൂക്കിൽ നെല്ലിക്കുഴി പഞ്ചായത്തിന് പുറമെ, കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് വാർഡുകളും കവളങ്ങാട്, പിണ്ടിമന, പഞ്ചായത്തുകളിലെ ഓരോ വാർഡുകളുമാണ് ഇപ്പോൾ കണ്ടെയ്‌ൻമെന്റ് സോണായി തുടരുന്നത്.