കോതമംഗലം : കനത്ത മഴയിൽ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. ബുധനാഴ്ച പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന്‌, ഉച്ചയ്ക്കുശേഷം പൂയംകുട്ടിപ്പുഴയിലും കുട്ടമ്പുഴയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തോടുകൾ നിറഞ്ഞുകവിഞ്ഞതോടെ പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കിഴക്കുനിന്ന് പൂയംകുട്ടിപ്പുഴയിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. വൈകിട്ടോടെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ബ്ലാവന കടത്ത് കടവിൽ ജങ്കാർ സർവീസും നിലച്ചു. രാത്രിയോടെ ജലനിരപ്പ് താഴ്ന്നാലേ വാഹനങ്ങൾ മറുകര കടത്താനാവൂ. വെള്ളാരംകുത്ത്, തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, ഉറിയംപെട്ടി തുടങ്ങിയ ആദിവാസി ഊരുകളും മണികണ്ഠൻചാൽ, കല്ലേലിമേട് ഗ്രാമവാസികളും ഒറ്റപ്പെട്ടിരിക്കയാണ്‌. ആശുപത്രിയിൽ ഉൾപ്പെടെ അത്യാവശ്യ കാര്യത്തിന് പോലും പോകാനാവില്ല.

മണികണ്ഠൻചാൽ ചപ്പാത്ത് ഉയർത്തി പാലമായി പണിയുകയും ബ്ലാവനയിൽ പുതിയ പാലംപണിയുകയും വേണമെന്നത്‌ പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്‌.