കോതമംഗലം : രണ്ടുപേർക്ക് കോവിഡ് പോസിറ്റീവായതോടെ കണ്ടെയ്‌ൻമെന്റ് സോണാക്കിയ നെല്ലിക്കുഴി പഞ്ചായത്തിൽ 60 പേരെ ആന്റിജൻ-സ്രവ പരിശോധനയ്ക്ക് വിധേയമാക്കി. എറണാകുളത്തുനിന്നെത്തിയ മൊബൈൽ ടീമാണ് തങ്കളം മാർ ബസേലിയോസ് കോളേജ് ക്വാറന്റീൻ സെന്ററിൽ പരിശോധന നടത്തിയത്. കോവിഡ് രോഗബാധിതരായവരുടെ പ്രഥമ സമ്പർക്കപ്പട്ടികയിലുള്ളവരെയാണ് പരിശോധിച്ചത്. ഹോട്ടൽ ഉടമയായ സ്ത്രീയും തടിമില്ല് ഉടമയായ ഇവരുടെ മകനുമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഒരുമണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ആന്റിജൻ പരിശോധനാഫലം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിന് ശേഷമേ സ്രവപരിശോധനാഫലം കിട്ടുകയുള്ളു. കണ്ടെയ്‌ൻമെന്റ് സോണായ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.