കോതമംഗലം: കന്നുകാലി വളർത്തലിനും മൃഗപരിപാലനത്തിനും എല്ലാം പദ്ധതിയും പ്രഖ്യാപനവും കൊട്ടിഘോഷിക്കുമ്പോഴും പല മൃഗാശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതിയും പ്രതിഷേധവും ശക്തം.
കോതമംഗലം സർക്കാർ മൃഗാശുപത്രിയിൽ ഡോക്ടറുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടപ്പടിയിലെ ഡോക്ടർക്കാണ് താത്‌കാലിക ചുമതല.
പിണ്ടിമന മൃഗാശുപത്രിയിൽ ഡോക്ടറുണ്ടായിട്ടും പ്രയോജനമില്ലാത്ത അവസ്ഥയും. അവശ്യം വേണ്ട മരുന്നുകളും കിട്ടുന്നില്ല.
പല ആശുപത്രികളിലും ചികിത്സയ്ക്കായി മൃഗങ്ങളുമായി എത്തുമ്പോൾ ഡോക്ടറും ജീവനക്കാരും ഉണ്ടാകില്ല.
കോതമംഗലത്തെ പ്രധാന മൃഗാശുപത്രിയാണ് മലയിൻകീഴ് ബ്ലോക്ക്് ഓഫീസിന് സമീപത്തുള്ളത്. ഇവിടെ ഡോക്ടറുടെ അഭാവത്തിൽ കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും കൃത്യമായി ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണ് മുനിസിപ്പാലിറ്റിയിലേയും പരിസരത്തേയും നിവാസികളും ക്ഷീരകർഷകരും നേരിടുന്നത്.
ചികിത്സ നൽകാനാകാത്തതുമൂലം പുന്നയ്ക്കൽ ജോയിയുടെ ഒരു കിടാവ് ചത്തുവീണതാണ് ഒടുവിലുണ്ടായ സംഭവം. കിടാവിന് രോഗലക്ഷണം കണ്ടതിന് പിന്നാലെ പല ഡോക്ടർമാരേയും സമീപിച്ചിരുന്നു. ആരും വന്നില്ലെന്നാണ് വീട്ടുകാരുടെ പരാതി. മുമ്പൊരു കിടാവിന് നൽകാൻ കുറിച്ച മരുന്ന് നൽകി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
സമാന അവസ്ഥയാണ് പിണ്ടിമനയിൽ ഉൾപ്പെടെ നേരിടുന്നത്. ചികിത്സയുടെ കാര്യത്തിൽ മാത്രമല്ല, മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ ആനുകൂല്യങ്ങൾക്കും ഇൻഷുറൻസിനും വളർത്തനായ്ക്കൾക്ക് ലൈസൻസ് എടുക്കുന്നതിനുമെല്ലാം മൃഗഡോക്ടറുടെ സേവനം അനിവാര്യമാണ്.
മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
പിണ്ടിമനയിൽ യു.ഡി.എഫ്. ഉപവാസ സമരം
കോതമംഗലം: പിണ്ടിമന മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന്് ആവശ്യപ്പെട്ട് യു.ഡി.എഫ്. മണ്ഡലം ചെയർമാൻ നോബിൾ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. കൺവീനർ ജോസ് കൈതയ്ക്കൽ അധ്യക്ഷനായി.
പി.എസ്.എം. സാദിഖ്, അബു മൊയ്തീൻ, എ.ജി. ജോർജ്, എം.എസ്. എൽദോസ്, റോയി കെ. പോൾ, ജെയ്സൺ ദാനിയേൽ, സണ്ണി പൗലോസ് എന്നിവർ പ്രസംഗിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം പി.പി. ഉതുപ്പാൻ ഉദ്ഘാടനം ചെയ്തു.