കോതമംഗലം: മാർത്തോമ ചെറിയപള്ളിയിൽ പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ വിശ്വാസികളുടെ പ്രവാഹം. പരിശുദ്ധ ബാവയുടെ 334-ാം ഓർമപ്പെരുന്നാളിന്റെ പ്രധാന ദിവസമായിരുന്ന ബുധനാഴ്ച രാവിലെ മുതൽ പള്ളിയിലേക്ക് കാൽനട തീർത്ഥാടകരുടെ തിരക്കായിരുന്നു. പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ചക്കാലക്കുടി ചാപ്പലിലേക്ക് ഇക്കുറി വിശ്വാസികളുടെ തിരക്കായിരുന്നു. വെള്ളിയാഴ്ച പെരുന്നാളിന് കൊടിയിറങ്ങും.
തിരക്ക് നിയന്ത്രിക്കാൻ നഗരത്തിലും പള്ളി പരിസരത്തും വാഹന നിയന്ത്രണവും തീർത്ഥാടകർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. വൈകീട്ടായതോടെ നഗരവീഥികൾ ചെറുതും വലുതുമായ തീർത്ഥാടന സംഘത്തെ കൊണ്ട് നിറഞ്ഞു. പരി.ബാവയുടെ കബറിട ചിത്രവും നിശ്ചലദൃശ്യവുമായി അലങ്കരിച്ച വാഹനങ്ങൾക്കു പിന്നിൽ നാമസങ്കീർത്തനങ്ങളുമായാണ് കാൽനട തീർത്ഥാടകർ നീങ്ങിയത്.
നഗരത്തിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും കാൽനട തീർത്ഥാടകർക്ക് സ്വീകരണം ഒരുക്കിയിരുന്നു. ദാഹജലവും ലഘുഭക്ഷണവും പഴവർഗങ്ങളും വിതരണം ചെയ്താണ് വരവേറ്റത്. പള്ളിയങ്കണത്തിലെത്തിയ വിശ്വാസികളെ മെത്രാപ്പോലീത്തമാരും വൈദികരും ട്രസ്റ്റിമാരും ഭക്തസംഘടനകളും ചേർന്ന് സ്വീകരിച്ചു. രാവിലെ മുതൽ പള്ളിയിലെത്തുന്ന മുഴുവൻ വിശ്വാസികൾക്കും സമീപത്തെ കൺവെൻഷൻ ഹാളിലും പരിസരത്തുമായി കൗണ്ടറുകളിലൂടെ നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
രാവിലെ നടന്ന മുന്നിൻമേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചയ്ക്കുശേഷം പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽനിന്ന് പുറത്തെടുത്ത് പള്ളിക്കകത്തെത്തിക്കുന്ന ചടങ്ങുണ്ടായിരുന്നു. വാദ്യമേളഘോഷത്തോടെ വൈദികരും ട്രസ്റ്റ് അംഗങ്ങളും ചേർന്ന് ഉപകരണങ്ങൾ കൊണ്ടുവരുന്നത് കാണാനും തിരക്കായിരുന്നു. സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം ശ്രേഷ്ഠ ബാവയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരുന്നു. രാത്രിയിൽ പള്ളിയിൽനിന്ന് നഗരപ്രദക്ഷിണവും നടന്നു. വ്യാഴാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ശുചിത്വ മിഷൻ-ഹരിത കേരള മിഷൻ നിർദേശപ്രകാരം പള്ളിയിലും പരിസരത്തും ഹരിത ചട്ടം പാലിച്ച് ശുചിത്വ പരിപാലനത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഹരിത ചട്ട പാലനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സന്ദേശയാത്രയും നടത്തിയിരുന്നു.