കൂത്താട്ടുകുളം: കഴിഞ്ഞദിവസം കൂത്താട്ടുകുളം ടൗണിൽ മീഡിയ കവലയ്ക്ക് സമീപം രാമപുരം റോഡിൽ ഹോട്ടൽ നടത്തുന്ന കാരായ്മയിൽ ബിജുവിന്റെ വീട്ടിൽ നടന്ന മോഷണം സംബന്ധിച്ച് പോലീസിന്റെ അന്വേഷണം ഊർജിതമാക്കി. മൂവാറ്റുപുഴ ഡിവൈ.എസ്.പി. ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം ചൊവ്വാഴ്ച സ്ഥലത്തെത്തി. വീടും പരിസരവും വിശദമായി പരിശോധിച്ചു. ബിജുവിന്റെ വീടിനോട് ചേർന്നുള്ള എൻ.എസ്.എസ്. മന്ദിരത്തിന്റെ മതിലിലും വീടിന്റെ ഗെയിറ്റ് പിടിപ്പിച്ചിരിക്കുന്ന തൂണിലും പ്രത്യേക അടയാളവരകൾ ഇട്ടിരിക്കുന്നതായി കണ്ടെത്തി. കമ്പിക്കഷണം കൊണ്ടോ, കല്ലുകൊണ്ടോ മതിലിൽ തുടർച്ചയായി അടയാളവരകൾ ഇട്ടിരിക്കുകയാണ്.

ആക്രിസാധനങ്ങൾ പെറുക്കാനെത്തുന്ന നാടോടികളായ സ്ത്രീകളുടെ സംഘം കഴിഞ്ഞദിവസം ഈ മേഖലയിൽ എത്തിയിരുന്നു. വീടുകളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അടയാളങ്ങളിലൂടെ മോഷണസംഘത്തിന് നൽകുന്നത്‌ നാടോടി സംഘം സ്ത്രീകളാണ് എന്ന് സംശയമുണ്ട്.

കൂടുതൽ പരിശോധനയ്ക്കായി വിദഗ്ധ സംഘത്തിന്റെ സേവനവും പോലീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് സൈബർ പോലീസിന്റെ സഹായത്തോടെയും അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ പോലുള്ള കവർച്ചകൾ നടന്നിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആളുകളാണ് മോഷണസംഘത്തിലുള്ളതെന്ന് സംശയമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീഡിയ കവലയിൽ രാമപുരം റോഡിൽ ‘സ്നേഹ ഹോട്ടൽ’ ഉടമ കാരാമയിൽ കെ.ആർ. ബിജുവിന്റെ വീട്ടിൽ കവർച്ച നടന്നത്. അടുക്കളയുടെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ വീടിനകത്ത് കടന്നത്. രണ്ടരപ്പവൻ വരുന്ന മാലയും 7,000 രൂപയുമാണ് കവർന്നത്.

വീടിന് സമീപത്തു നിന്ന്‌ ഉണങ്ങിയ മരകഷണത്തിൽ ഇരുമ്പാണി തറച്ച ഉപകരണവും സമീപത്തെ പുരയിടത്തിൽ നിന്ന് മോഷ്ടാക്കളുടേതെന്ന് സംശയിക്കപ്പെടുന്ന കാല്പാടുകളും കണ്ടെത്തിയിരുന്നു. മോഷണം സംബന്ധിച്ച് അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്‌.