കൂത്താട്ടുകുളം : നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ ബുധനാഴ്ച വരെ അടച്ചിടാൻ തീരുമാനമായി. കൂത്താട്ടുകുളത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരനും കുടുംബാംഗങ്ങളും ഉൾപ്പടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചേർന്ന നഗരസഭാ അടിയന്തര ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. അനൂപ് ജേക്കബ് എം.എൽ.എ.യുടെ നേതൃത്വത്തിലായിരുന്നു യോഗം.

പാൽ, പത്രം, പെട്രോൾ പമ്പ്, റേഷൻകട, മെഡിക്കൽ സ്റ്റോറുകൾ എന്നിവ പ്രവർത്തിക്കും. ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. ഓട്ടോ-ടാക്സി വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.

കൂത്താട്ടുകുളം സർക്കാർ ആസ്പത്രിയിലെ ജീവനക്കാരൻ, ഇലക്‌ട്രോണിക്സ് കടയുടമയായ ഇദ്ദേഹത്തിന്റെ സഹോദരൻ, ഇവരുടെ അമ്മ എന്നിവരുടെ പരിശോധനാ ഫലം ഞായറാഴ്ചയാണ് പോസിറ്റീവായത്.

ആസ്പത്രി ജീവനക്കാർ ഉൾപ്പടെ 33 പേരാണ് ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്ന് നഗരസഭാ ചെയർമാൻ റോയി എബ്രഹാം പറഞ്ഞു. മംഗലത്തുതാഴം പ്രാഥമിക കേന്ദ്രം, അമ്പലംഭാഗം കോളനിഭാഗം, നടപ്പുറം ബൈപ്പാസ് റോഡ് ഭാഗം എന്നിവിടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.