കോലഞ്ചേരി: കുഴിയില്ലാത്ത വഴിതേടി പട്ടിമറ്റത്തുകാർ മാസങ്ങളായി അലയുകയാണ്. പട്ടിമറ്റത്തുനിന്ന്‌ കിഴക്കമ്പലം വരെയുള്ള അഞ്ച്‌ കിലോമീറ്ററും മൂവാറ്റുപുഴയ്ക്ക്‌ പോകുമ്പോൾ പോലീസ്‌ സ്റ്റേഷൻ പടി മുതൽ പന്ത്രണ്ട്‌ കിലോമീറ്ററും പുത്തൻകുരിശ്‌ റോഡ്‌ പത്താംമൈൽ വരെയും അപകടപാതയാണ്. വെറും കുഴികളെന്നുപറഞ്ഞാൽപ്പോരാ, അപകട ഗർത്തങ്ങളാണിവിടെ. ഇപ്പൊ ശരിയാക്കാമെന്ന സ്ഥിരം മൊഴികളല്ലാതെ ആരും ഇടപെട്ടുകാണാത്തതിൽ യാത്രക്കാർക്കും വ്യാപാരികൾക്കും പ്രതിഷേധം ശക്തമാണ്‌.

മൂവാറ്റുപുഴ-എറണാകുളം റോഡിൽ ഒന്നര അടിയോളം താഴ്ചയുള്ള കുഴികൾ പലയിടങ്ങളിലുമുണ്ട്‌. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ കുഴികളിൽവീണ്‌ മറിയുന്നതും അപകടമുണ്ടാകുന്നതും പതിവാണ്. കൂടുതൽ ഭാരംകയറ്റി വരുന്ന വലിയ വാഹനങ്ങൾ കുഴികളിൽ വീണ്‌ തകരാറായി ഗതാഗതക്കുരുക്കും പതിവാണ്‌. ഇരുചക്രവാഹന യാത്രക്കാരും ഓട്ടോക്കാരുമാണ്‌ ഏറ്റവും കൂടുതൽ ദുരിതത്തിലായത്‌. 150 ഓളം ഓട്ടോകളാണ്‌ മേഖലയിലുള്ളത്‌. ഇവരിൽ പലരും ഓട്ടം മതിയാക്കി പോവുകയാണ്‌. ഓടിയാൽ അറ്റകുറ്റപ്പണിക്ക്‌ തികയില്ല. പിന്നെ നടുവേദനയും മരുന്നുമൊക്കെയായി ജീവിതം ദുരിതമയമാണെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. പട്ടിമറ്റത്തേക്ക്‌ ഓട്ടം വിളിച്ചാൽ യാത്രക്കാരുടെ എണ്ണം നോക്കിയേ കയറ്റാനാകൂ. പെട്ടി ഓട്ടോകൾ വിളിച്ചാൽ കിട്ടാതായതോടെ പിക്‌ അപ്പ്‌ വാനുകളെയാണ്‌ ജനം ആശ്രയിക്കുന്നത്‌. കച്ചവടം നേർപകുതിയായി കുറഞ്ഞതായി വ്യപാരി-വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റ്‌ യോഗം വിലയിരുത്തി. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

സമിതി പ്രസിഡന്റ്‌ വി.വി. ഗോപാലൻ യോഗം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.പി. അസൈനാർ, ഭാരവാഹികളായ എൻ.കെ. ഗോപാലൻ, വി.ജി. ബിനുകുമാർ, എൻ.പി. ബാജി, ടി.വി. ബാബുരാജ്‌, ഷിജു പൗലോസ്‌, കെ.കെ. ബഷീർ, കെ.കെ. ഹരിദാസ്‌, രമണി ശശിധരൻ, ഗ്രേസി ബാബു എന്നിവർ പ്രസംഗിച്ചു. ഉടൻ നിർമാണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനം.