കോലഞ്ചേരി: പുറ്റുമാനൂർ ഗവ. യു.പി. സ്കൂളിലെ ഒന്നാം ക്ലാസിൽ ഇനിമുതൽ ഗണിതപഠനം ഉല്ലാസത്തോടെ നടക്കും. ഒന്നാം ക്ലാസിലെ ഗണിതപഠനം ലളിതവും ആകർഷകവുമാക്കുന്നതിനായി കോലഞ്ചേരി ബി.ആർ.സി.യിൽനിന്ന് പഠനസാമഗ്രികൾ ലഭിച്ചു. സമഗ്രശിക്ഷാ അഭിയാൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിന് പ്രവർത്തനങ്ങൾക്കാവശ്യമായ പഠനസാമഗ്രികൾ നൽകിയത്. കണ്ടും കേട്ടും കളിച്ചും ചിരിച്ചും ഗണിതം പഠിക്കുക എന്നതാണ് ഉല്ലാസഗണിതം പദ്ധതിയുടെ പ്രത്യേകത. കുട്ടികൾ ആവേശത്തോടെ ഗണിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു എന്നത് അധ്യാപകർക്കും ആവേശകരമാണ്. ഉല്ലാസഗണിതം പ്രവർത്തനങ്ങൾക്കാവശ്യമായ പഠനസാമഗ്രികളുടെ വിതരണോദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എൻ.യു. ബിജു, ഒന്നാം ക്ലാസ് അധ്യാപിക വി.എസ്. ബിൻസിക്ക് നൽകി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് മിനി വി. ഐസക്ക്, കെ.എസ്. മേരി, സി.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു.