കൊച്ചി: ബിനാലെ നാലാം ലക്കത്തിൻറെ ഭാഗമായി കുട്ടികൾക്കുള്ള ആർട്ട് റൂം തുറന്നു.

ഫോർട്ട്കൊച്ചി കബ്രാൾ യാർഡിൽ നടന്ന ചടങ്ങിൽ കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആർട്ട് റൂമിൻറെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വിദ്യാർഥികളിൽ സമകാലീന കലാഭിരുചി വളർത്തുന്നതിൻറെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തി വരുന്ന ആർട്ട് ബൈ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായാണ് ആർട്ട് റൂം.

ആറു വയസ്സിൽ 25,000-ഓളം ചിത്രങ്ങൾ രചിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ കൊച്ചി സ്വദേശി എഡ്മണ്ട് തോമസ് ക്ലിൻറ് (1976-83) എന്ന ബാലൻറെ ദീപ്തസ്മരണയിൽ മുഖരിതമായിരുന്നു ആർട്ട് റൂമിൻറെ ഉദ്ഘാടന ചടങ്ങ്. ചെറിയ ജീവിത കാലയളവിൽ തങ്ങളുടെ മകൻ വരച്ച ചിത്രങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്ന് തോന്നിയ ക്ലിൻറിൻറെ മാതാപിതാക്കൾ കലാ ലോകത്തിന് നൽകിയ പ്രോത്സാഹനം ചെറുതല്ലെന്ന് ചടങ്ങിൽ സംബന്ധിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. .

കോർപ്പറേഷൻ കൗൺസിലർ സീനത്ത് റഷീദും ചടങ്ങിൽ സംസാരിച്ചു.

വിദ്യാർഥികൾക്ക് തങ്ങളുടെ കലാസൃഷ്ടികളുടെ രചന നടത്താനും അത് പ്രദർശിപ്പിക്കാനുമുള്ള സ്ഥലമാണ് ആർട്ട് റൂം. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സഹായവും വിദ്യാർഥികൾക്ക് നൽകും. അധ്യാപകർക്കായി കഴിഞ്ഞ ഒരു മാസമായി ബിനാലെ ഫൗണ്ടേഷൻ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ആർട്ട് റൂമിൽ കുട്ടികൾ രചിച്ച സൃഷ്ടികളുടെ പ്രമേയം പ്രകൃതിയുടെ വൈവിദ്ധ്യമാണെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിനാലെ നാലാം ലക്കത്തിൻറെ ക്യൂറേറ്റർ അനിത ദുബെ പറഞ്ഞു. പൈതൃക ഗ്രാമമായ ഗോതുരുത്ത് സ്കൂളിലെ കുട്ടികളാണ് ആർട്ട് റൂമിലെ ആദ്യ വിദ്യാർഥിസംഘം. പ്രളയത്തിൽ ഏറെ ദുരിതമനുഭവിച്ച ഗ്രാമമാണ് ഗോതുരുത്ത്.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ആർട്ട് റൂം ഉപയോഗിക്കാമെന്ന് ആർട്ട് ബൈ ചിൽഡ്രൻറെ പ്രോഗ്രാം മാനേജർ ബ്ലെയ്‌സ് ജോസഫ് പറഞ്ഞു. ആർക്കും ഇവിടെ വന്ന് ചിത്രം വരയ്ക്കാം. ഇത് സ്വാതന്ത്ര്യത്തിൻറെയും നിർഭയത്വത്തിൻറെയും ഇടമാണെന്നും അദ്ദേഹം പറഞ്ഞു.