കൊച്ചി: എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിച്ച്, മനസ്സിൽ മധുര സംഗീതവുമായി നടന്ന ഒരു സാധാരണക്കാരനായിരുന്നു എം.എ. മജീദ്. അവസരങ്ങൾക്കായി ഓടി നടക്കാനോ, വലിയ മോഹങ്ങൾ പേറാനോ അദ്ദേഹം ആഗ്രഹിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കേരളത്തിലെ മുൻ നിര സംഗീത സംവിധായകനാവാൻ മജീദിന് കഴിയുമായിരുന്നു. അതിന് ആവോളം പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, തന്റെ ഹാർമോണിയവുമെടുത്ത് അദ്ദേഹം ഒതുങ്ങി നടന്നു.

മജീദിന്റെ നാടകഗാനങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന പഴയ തലമുറയുണ്ട്. ഒരുകാലത്ത് ഹിറ്റായിരുന്നു അവ. അനശ്വര നടനായ പി.ജെ. ആന്റണിയുടെ ഒട്ടേറെ നാടകങ്ങളിൽ, മനസ്സുപിടിച്ചെടുക്കുന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് മജീദായിരുന്നു. പ്രൊഫഷണൽ നാടകങ്ങൾക്കായി പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾത്തന്നെ, അമെച്ചർ നാടക സമിതികളിലും അദ്ദേഹം പണം വാങ്ങാത്ത സംഗീത സംവിധായകനായി. നാടകത്തെക്കുറിച്ച് ആലോചിക്കുമ്പോഴെ, നാടക ഗാനങ്ങളുടെ സംഗീത സംവിധാനം മജീദാണെന്ന് സമിതികൾ തീരുമാനിച്ചിരുന്നു. താൻ സംഗീതം ചെയ്തതും പഴയ പാട്ടുകളുമെല്ലാം ഹാർമോണിയത്തിന്റെ അകമ്പടിയോടെ പാടി, അദ്ദേഹം നാട്ടിലെ ചെറുവേദികൾ കീഴടക്കി.

ഗാനമേളകൾ മലയാളിക്ക് പരിചയമില്ലാത്ത കാലത്ത് െപ്രാഫഷണൽ ഗാനമേളകളുടെ നടത്തിപ്പുകാരനായും മജീദ് തിളങ്ങി. കേരളത്തിൽ ആദ്യമായി ടിക്കറ്റ് വെച്ച് ഗാനമേള നടത്തിയത് മജീദിന്റെ നേതൃത്വത്തിലായിരുന്നു. ടി.ഡി.എം. ഹാളിൽ നടത്തിയ ഗാനമേളയിലെ മുഖ്യ ഗായകൻ യേശുദാസായിരുന്നു. മുഹമ്മദ് റഫി അടക്കം അക്കാലത്തെ പ്രമുഖരെല്ലാം കൊച്ചിയിൽ നടത്തിയ ഗാനമേളകളുടെ അമരത്ത് നിന്നിരുന്നത് മജീദായിരുന്നു. മട്ടാഞ്ചേരി വെടിവെപ്പിനെതിരേ പി.ജെ. ആന്റണി രചിച്ച ’കാട്ടാളന്മാർ നാടുഭരിച്ച് നാട്ടിൽ തീമഴ പെയ്യുമ്പോൾ, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ’ എന്ന ഗാനം മജീദ് സംഗീത സംവിധാനം നിർവഹിച്ചപ്പോൾ, അത് സംസ്ഥാനത്താകെ അലയടിച്ച വിപ്ലവഗാനമായി മാറി.

പിതാവ് മുഹമ്മദ് മസ്താൻ കൊച്ചി തുറമുഖ തൊഴിലാളിയായി തൂത്തുക്കുടിയിൽനിന്ന് എത്തിയപ്പോഴാണ് എട്ടാം ക്ലാസുകാരനായിരുന്ന മജീദ് കൊച്ചിക്കാരനാവുന്നത്. പിന്നീട് കൊച്ചിയിലെ സംഗീത സദസ്സുകളിൽനിന്ന് ആവേശം ഉൾക്കൊണ്ട് അദ്ദേഹം വളർന്നു. ആസാദ് ക്ലബ്ബ്, താൻസൻ ക്ലബ്ബ് തുടങ്ങി കൊച്ചിയിലെ അക്കാലത്തെ പ്രമുഖ സംഗീത ക്ലബ്ബുകളുടെ തുടക്കക്കാരനും മജീദായിരുന്നു.

സർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്തിലെ ജീവനക്കാരനായിരുന്നു. സർക്കാർ ജോലിക്കാരനായതുകൊണ്ട്് അക്കാലത്ത് പരസ്യമായി കലാ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കില്ലായിരുന്നു. സിനിമയിൽ സംഗീതം ചെയ്യുന്നതിന് അതൊരു തടസ്സമായിരുന്നു. ‘ഭൂമിയിലെ മാലാഖ’ എന്ന ചിത്രത്തിൽ സംഗീതം ചെയ്തതിന് അദ്ദേഹത്തോട് കമ്പനി വിശദീകരണം ചോദിച്ചിരുന്നു. നാടകത്തിൽ സംഗീതം ചെയ്യുന്നത് ആരും അറിയില്ലെന്നതിനാൽ പിന്നീട് അദ്ദേഹം അതിലേക്ക് ശ്രദ്ധയൂന്നുകയായിരുന്നു.

മജീദ് വർഷങ്ങളോളം താമസിച്ചിരുന്ന എളമക്കരയിലെ തറവാട്ടുവളപ്പിൽ, നാല് ആൺമക്കളും വീടുകൾ വെച്ച് അതിന്റെ ഒന്നിച്ചുള്ള താമസ ചടങ്ങായിരുന്നു ഞായറാഴ്ച. വർഷങ്ങൾക്കു ശേഷം അവിടെ എത്തിയ അദ്ദേഹം പഴയ അയൽക്കാരെ കാണാനും അവരുമൊന്നിച്ച് ഉച്ചഭക്ഷണം കഴിക്കാനുമെല്ലാം കഴിഞ്ഞതിൽ സന്തോഷിച്ചിരിക്കുമ്പോൾ, രണ്ടരയോടെ കുഴഞ്ഞു വീണു. എട്ടു പതിറ്റാണ്ടോളം നീണ്ട ഗാന സപര്യക്ക്‌ അതോടെ തിരശ്ശീല വീണു.