കൊച്ചി: കൊതുകിനെ നേരിടാൻ വെള്ളിയാഴ്ച മുതൽ കൊച്ചി നഗരസഭ ഊർജിത പ്രവർത്തനം തുടങ്ങും. കൊതുകുമൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്നത് കൗൺസിൽ യോഗത്തിൽ വീണ്ടും വലിയ ചർച്ചയായതിനെത്തുടർന്ന് ഉടനെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച മുതൽ ഒാരോ ഡിവിഷനിലും രണ്ട് താത്‌കാലിക ജീവനക്കാരെ കൊതുകുനിവാരണ പ്രവർത്തനങ്ങൾക്കു മാത്രമായി നിയോഗിക്കും. മരുന്നുതളിയും ഫോഗിങ്ങുമായിരിക്കും ഇവരുടെ പ്രധാന ചുമതല. മൂന്നു മാസത്തേക്കായിരിക്കും നിയമനം. ഇവരെക്കൊണ്ട് പുല്ലുവെട്ടിക്കൽ, കാന കോരിക്കൽ തുടങ്ങിയ മറ്റ് പ്രവൃത്തികൾ ചെയ്യിക്കരുതെന്ന് മേയർ സൗമിനി ജെയിൻ കൗൺസിലർമാർക്ക്‌ കർശന നിർദേശം നൽകി. ഇവരുടെ പ്രവർത്തനങ്ങൾ എച്ച്.ഐ.മാർ ദിവസവും പരിശോധിച്ച് റിപ്പോർട്ട് മേയറുടെ ഓഫീസിന് നൽകണം. ഫോഗിങ്ങിനുള്ള ഷെഡ്യൂൾ തെറ്റുന്നില്ലെന്ന് ഉറപ്പാക്കണം.

താത്‌കാലിക ജീവനക്കാരെ നിയമിക്കാൻ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ അത് നടപ്പായിരുന്നില്ല. കഴിഞ്ഞ വർഷം നൽകിയ കൊതുകുമരുന്നുകൾ ഹെൽത്ത് സർക്കിൾ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണെന്നും പുതിയ മരുന്നുകൾ കൊടുക്കുമ്പോൾ ജീവനക്കാർ പഴയ മരുന്ന് കാനയിൽ ഒഴുക്കിക്കളയുകയാണെന്നും സി.കെ. പീറ്റർ ചൂണ്ടിക്കാട്ടി. 640 ലിറ്റർ മരുന്നാണ് കഴിഞ്ഞ തവണ നൽകിയത്. ഡിവിഷനുകളിൽ നിയമിക്കുന്ന താത്‌കാലിക ജീവനക്കാർ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മേയർ നിർദേശിച്ചു.

കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി പത്ത് ഓവർസിയർമാരെ സർക്കാരിന് വിട്ടുകൊടുക്കുന്നത് നഗരസഭയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഫോർട്ട്‌കൊച്ചി മേഖലയിൽനിന്നു മാത്രം മൂന്ന് ഓവർസിയർമാരെ എടുക്കുന്നത് അവിടെയുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു. പത്തുപേരെ വിടേണ്ടതില്ലെന്നും ഒാരോ മേഖലയിൽനിന്നും ഒരാൾ വീതം അഞ്ചുപേരെ വിട്ടാൽ മതിയെന്നും മേയർ പറഞ്ഞു.

പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നിർബന്ധമായും പോകണമെന്ന് മേയർ നിർദേശം നൽകി. ഇപ്പോൾ വർക്ക് സൈറ്റിൽ ആരും പോകുന്നില്ല. അമൃത് പോലുള്ള സുപ്രധാന പ്രവൃത്തികൾ നടക്കുന്നിടത്തുപോലും ഉദ്യോഗസ്ഥർ ചെല്ലുന്നില്ല. ഇനിമുതൽ ഓവർസിയർമാർ സൈറ്റുകൾ സന്ദർശിച്ചതിന്റെ വിവരങ്ങൾ ഫയലിൽത്തന്നെ രേഖപ്പെടുത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.

പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മേഖലാ ഓഫീസുകളിൽ പിടിച്ചുവയ്ക്കരുത്. അവ വേഗം ആസ്ഥാന മന്ദിരത്തിൽ എത്തിച്ച് ട്രഷറിയിൽ നൽകണമെന്ന് മേയർ പറഞ്ഞു. ബില്ലുകൾ മാർച്ച് മാസത്തേക്ക് വെച്ചുകൊണ്ടിരുന്നാൽ ട്രഷറി സ്തംഭനവും മറ്റും വന്നാൽ പ്രശ്നമാവുമെന്നും മേയർ പറഞ്ഞു.