കൊച്ചി : ''ആകാശത്ത് സംഭവിക്കുന്നതെല്ലാം അവൻ അറിയുന്നു. ഭൂമിയിലും അവനറിയാതെ ഒന്നുംസംഭവിക്കില്ല. ഈ കൊറോണക്കാലവും അങ്ങനെതന്നെ. ദുരിതകാലത്തെ അതിജീവിക്കാൻ അവൻ നമുക്ക് കരുത്തുതരും...'' ജുമാനമസ്‌കാരത്തിൽ ഇമാം പ്രസംഗിക്കുമ്പോൾ അവർ ആശ്വാസമറിഞ്ഞു. പുതിയൊരു ജീവിതം അതിൽ പലരെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എറണാകുളം ഇടപ്പള്ളി മഹല്ലിലെ മുസല്ല അൽനസർ മസ്ജിദാണ് ലോക്ഡൗണിനുശേഷം പള്ളി തുറന്നപ്പോൾ ദൈവഹിതം മനോഹരമായി നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 പേർക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള വായ്പയായിരുന്നു അത്. പലിശയില്ലാതെ ഒരു ലക്ഷം രൂപ. കോവിഡിൽ തൊഴിൽനഷ്ടമായ പള്ളി ഇമാം മുതൽ ട്രാവൽഏജൻസി പൂട്ടി ജീവിതം പ്രതിസന്ധിയിലായ സ്ത്രീവരെ വായ്പകിട്ടിയവരിലുണ്ട്. അവർക്ക് ഇഷ്ടമുള്ള കാലാവധിയിൽ വായ്പ തിരിച്ചടയ്ക്കാം.

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ വന്നപ്പോഴാണ് പള്ളിക്കുമുമ്പേ തുറക്കേണ്ട ജീവിതങ്ങളെപ്പറ്റി ചിന്തിച്ചതെന്ന് വായ്പനൽകിയ അൽമനാൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ബാദുഷ ബ്ലായിസ് പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഇ.യു. രാജയും വൈസ് ചെയർമാൻ അബ്ദുൾളാഹിറും ചേർന്ന് 50 പേരെ കണ്ടെത്തി. എല്ലാ ജാതിമതസ്ഥരും ഇതിലുണ്ട്. ജുമാനമസ്കാരത്തിനുശേഷം പള്ളിയിലെത്തിയ ഹൈബി ഈഡൻ എം.പി.യാണ് ഇവർക്കുള്ള ചെക്ക് നൽകിയത്.

കോവിഡ്കാലത്ത് പള്ളി പൂട്ടിയതോടെ വരുമാനമില്ലാതായ പിണർമുണ്ടയിലെ മൊയ്തീൻകുട്ടി മുസ്‌ല്യാരും അക്ബർ മുസ്‌ല്യാരും കോഴിക്കച്ചവടമാണ് ലക്ഷ്യമിടുന്നത്. ട്രാവൽഏജൻസി പൂട്ടിയ ആലുവയിലെ താഹിറമരക്കാർ സ്ത്രീകളുടെ കൂട്ടായ്മയിൽ പുളി, ജാതിക്ക വിൽപ്പനയിലേക്ക് തിരിയുന്നു.

അന്പതുമനുഷ്യർ, അന്പത് വ്യത്യസ്ത തൊഴിലുകൾ.

ദൈവം മനുഷ്യരിലൂടെ നീട്ടിയ സഹായത്തിനുമുന്പിൽ എല്ലാവർക്കും നിറമിഴികളോടെ പ്രാർഥനമാത്രം.