കൊച്ചി: ഉച്ചയ്ക്ക് ഒന്നിനുള്ള വഞ്ചിയിൽ കയറാനായി ഓട്ടോ പിടിച്ച് ബോട്ട് ജെട്ടിയിൽ ഓടിയെത്തിയതാണ് കുറുങ്കോട്ട ദ്വീപ് നിവാസിയായ രമ മുരളി. സമയത്തെത്തി, എന്നാൽ കടത്ത് പണിമുടക്കി. ഇതോടെ ജെട്ടിയിൽ കൂടിയിരുന്ന സ്ത്രീകൾ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങി. കടത്തിന്റെ മോട്ടോറിന്റെ അറ്റകുറ്റപ്പണികൾ നീണ്ടു പോയതോടെ ചർച്ചയും നീണ്ടു.

വോട്ട് ചെയ്യാൻ പണ്ട് കടത്ത് പിടിച്ച് ചിറ്റൂർ വരെ പോണമായിരുന്നു. കുറുങ്കോട്ട ദ്വീപിലെ അങ്കണവാടിയിൽ ബൂത്തു വന്നതോടെ കാര്യങ്ങൾ എളുപ്പമായി. എല്ലാ തവണത്തെയും പോലെയല്ല ഉപതിരഞ്ഞെടുപ്പിന് പ്രചാരണം അല്പം കൂടുതലാണ് എന്നാണ് ദ്വീപ് നിവാസിയായ വിമി രമേശ് പറയുന്നത്.

വാഹനങ്ങളില്ലാത്തതിനാൽ തന്നെ വാഹന പ്രചാരണവും മൈക്ക് സെറ്റ് വെച്ച് വിളിച്ചു പറയുന്ന പരിപാടിയും കുറുങ്കോട്ടയിൽ നടക്കില്ല. തോരണങ്ങളും കൊടികളും സ്ഥാനാർഥിയുടെ ചിരിക്കുന്ന മുഖങ്ങളും തന്നെ രക്ഷ.

ആര് ജയിച്ചു വന്നാലും ഒരു പാലം കിട്ടിയാൽ മതിയെന്നാണ് വിമി രമേശ് പറയുന്നത്. ’’പഷ്ണി കടത്ത് എത്തിയേ...’’ ചിലർ വിളിച്ചുപറഞ്ഞു. വിശപ്പും സഹിച്ച് ജെട്ടിയിൽ കാത്തിരിപ്പ് നീണ്ടതോടെ വീണ പേരാണ് പഷ്ണി കടത്ത്. അക്കരെ എത്തും വരെ രണ്ട് മിനിറ്റ് നേരം ചർച്ചകൾക്ക് കുറുങ്കോട്ടക്കാർ ഇടവേള നൽകി.

ബോട്ട് ജെട്ടിയിൽനിന്ന് കുറുങ്കോട്ടയിലേക്ക് നോക്കണം. മൂന്നു മുന്നണികളുടെ കൊടിയും തോരണങ്ങളുമെല്ലാമായി ആ പ്രദേശമാകെ മൂന്നു നില പൊക്കത്തിൽ അലങ്കരിച്ചിരിക്കുകയാണ്. മഴ തകർത്ത് പെയ്തോണ്ടാണ്, ഇതിനേക്കാൾ കളറായിരുന്നു കാര്യങ്ങളെന്നാണ് ബിന്ദു കുട്ടൻ പറയുന്നത്.

തിരഞ്ഞെടുപ്പിൽ കുറുങ്കോട്ട ദ്വീപ് നിവാസികൾ തിരഞ്ഞെടുപ്പിലെ സെലിബ്രിറ്റികളാണ്. ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്തെന്ന വിശേഷണമാണ് ഇവരെ സെലിബ്രിറ്റികളാക്കി മാറ്റിയത്. കേവലം 87 കുടുംബങ്ങളിലായി 420 പേരാണ് ദ്വീപിൽ താമസിക്കുന്നത്. ഇതിൽ വോട്ടുള്ളത് 271 പേർക്ക് മാത്രം. അതിനാൽത്തന്നെ എല്ലാ സ്ഥാനാർഥികളും വീടുകളിൽ നേരിട്ടെത്തിയാണ് വോട്ട് ചോദിച്ചത്. ഇവിടെയെത്തുന്ന തിരഞ്ഞടുപ്പ് ഓഫീസർമാർക്ക് നേരത്തെ പണി കഴിഞ്ഞ് വീടടുക്കാമെന്നാണ് കുറുങ്കോട്ടക്കാർ പറയുന്നത്. പോളിങ് സാമഗ്രികളുമായി പോകുമ്പോൾ കടത്ത് നിന്നു പോകരുതേ എന്നു മാത്രമേ ഇവർക്ക് പ്രാർഥനയുള്ളു.

പാലം വരും, വോട്ട് ബഹിഷ്‌കരിക്കാൻ ഞങ്ങളില്ല

കുറുങ്കോട്ട ദ്വീപിന്റെ ബോട്ട് ജെട്ടിയിൽ വിവിധ പാർട്ടിയിൽപ്പെട്ട അനുഭാവികൾ തിരഞ്ഞെടുപ്പ് ചർച്ചയിലാണ്. പ്രകടനപത്രികയും മറ്റും കൊടുത്തു തീർത്തോ എന്ന് പരസ്പരം ചോദിക്കുന്നുണ്ട്. അവസാന ഘട്ടമെന്ന നിലയിൽ വീടുകളിൽ കയറിയുള്ള പ്രചാരണം കുറച്ചുകൂടി ശക്തമാക്കാനാണ് ഇവരുടെ പ്ലാൻ. പാർട്ടിയെല്ലാം പലതാണെങ്കിലും മൂന്നു മുന്നണികളുടെയും അനുഭാവികൾക്ക് ഒന്നേ പറയാനുള്ളു; ഒരു പാലം. ’’മൂന്ന് മുന്നണികളും പാലം കൊണ്ടുത്തരുമെന്നാണ് പറഞ്ഞേക്കണേ.. ഇനി പാലം മൂന്നെണ്ണം വന്നാലും സാരമില്ല. ഉടക്കിടാൻ ഞങ്ങളില്ല...’’ സോളമൻ പറഞ്ഞു.

പാലമൊക്കെ വന്നോളും കൈയെത്തും ദൂരത്ത് ബൂത്ത് കിടക്കുമ്പോൾ വോട്ട് ബഹിഷ്‌കരിക്കാൻ തങ്ങളില്ലെന്നാണ് പറയുന്നത്. ബൂത്ത് പരിശോധിക്കാൻ കളക്ടറും കമ്മിഷണറും അടക്കം വന്നു. ഇത്ര പരിഗണന വേറെയാർക്ക് കിട്ടുമെന്നാണ് അവർ ചോദിക്കുന്നത്.

ഒന്ന് സൂക്ഷിച്ചേക്കണേ സാറേ...

കുറുങ്കോട്ടയിലേക്ക് കടത്ത് കയറുന്ന രജീഷ് ഹെൽമെറ്റും വെച്ചാണ് കയറുന്നത്. കാര്യം മറ്റൊന്നുമല്ല, കടത്തിൽ കയറ്റി വാഹനം അപ്പുറം എത്തിക്കാൻ കഴിയാത്തതിനാൽ ഇവ അക്കരെ വെയ്ക്കും. എന്നാൽ, പെട്രോൾ അടക്കം ഊറ്റും. അതിനാൽ ഹെൽമെറ്റൊക്കെ കൈയിൽ കരുതും. പെട്രോൾ ഊറ്റിക്കൊണ്ടുപോകുന്നതറിയാതെ റോഡിൽ വാഹനം നിന്നുപോകുന്നത് പതിവാണ്. അതിനാൽ വോട്ടിങ് യന്ത്രവുമായി പോകുന്ന ഓഫീസർമാർ ഒന്ന് സൂക്ഷിച്ചേക്കണമെന്നാണ് കുറുങ്കോട്ടക്കാരനായ കൃഷ്ണകുമാർ പറയുന്നത്.