കൊച്ചി: ‘ഹർത്താലോ അതെന്താ...’ ഫ്രാൻസിൽ നിന്നെത്തിയ കെവിന് അമ്പരപ്പ്. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വ്യാഴാഴ്ച വന്നിറങ്ങിയതാണ് ഫ്രാൻസിൽ നിന്നുള്ള മൂന്നുപേർ. ഹർത്താൽ ദിനത്തിൽ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ ഫോർട്ടുകൊച്ചിക്ക് പോകാൻ ഓട്ടോറിക്ഷ അന്വേഷിച്ചപ്പോഴാണ് ഹർത്താലാണെന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കുന്നത്.

ഏഴാമത്തെ തവണയാണ് കെവിനും കൂട്ടുകാരും ഇന്ത്യയിലെത്തുന്നത്. കേരളത്തിൽ ആദ്യമായെത്തിയ അവരെ വരവേറ്റത് ഹർത്താലാണ്. വാഹനങ്ങൾ കിട്ടാതെ ലഗേജും തൂക്കിനിന്ന അവരെ സഹായിക്കാൻ ‘സേ നോ ടു ഹർത്താൽ’ പ്രവർത്തകർ മുന്നിട്ടെത്തി. കാറിൽ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞതിനെ അവർ ആദ്യം സംശയത്തോടെയാണ് നോക്കിയത്. റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ഹർത്താലിനെക്കുറിച്ചും ‘സേ നോ ടു ഹർത്താൽ’ പ്രവർത്തനത്തെക്കുറിച്ചും അവർക്ക് വിശദീകരിച്ചു കൊടുത്തു. വണ്ടി പോകാൻ തുടങ്ങിയപ്പോൾ രണ്ട് വിദേശികൾ കൂടി ഓടിയെത്തി. യു.കെ.യിൽനിന്നുള്ള യുവാവും റഷ്യക്കാരിയായ യുവതിയും. കൂട്ടുകാരായ ഇവർക്കും ഫോർട്ടുകൊച്ചിക്കാണ് പോകേണ്ടത്. എല്ലാവരെയും കയറ്റി കാർ നീങ്ങി.

സേ നോ ടൂ ഹർത്താൽ

എട്ടു വർഷത്തിന് മുൻപാണ് രാജു പി. നായർ സേ നോ ടു ഹർത്താൽ തുടങ്ങുന്നത്. ഒറ്റയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അദ്ദേഹം ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പിന്നീട് സൃഹൃത്തുക്കളും അറിയുന്നവരും ഈ കൂട്ടായ്മയുടെ ഭാഗമായി. വ്യാഴാഴ്ച എട്ടിന് തുടങ്ങിയ സർവീസ് ഉച്ചയ്ക്ക് ഒന്നുവരെ തുടർന്നു. 15 വണ്ടികളിലായി 150 സർവീസുകളാണ് അവർ നടത്തിയത്. ഓട്ടോറിക്ഷകളും ടാക്സികളും ഓടിത്തുടങ്ങുമ്പോൾ സർവീസ് നിർത്തുകയാണ് പതിവെന്ന് കൺവീനർ മനോജ് രവീന്ദ്രൻ പറഞ്ഞു. ഡോക്ടർമാർ, ഐ.ടി. ജീവനക്കാർ, ബിസിനസുകാർ തുടങ്ങിയ മേഖലയിൽ നിന്നുള്ളവരാണ് ഇതിൽ പ്രവർത്തിക്കുന്നവർ. തീർത്തും സൗജന്യമായിട്ടാണ് ഇവരുടെ സേവനം. തൃശ്ശൂർ, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സേവനമുണ്ട്.