കൊച്ചി: ഒരു മഴ പെയ്താൽ കൊച്ചി നഗരത്തിലെ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇതിന്റെ തീവ്രത തിരിച്ചറിഞ്ഞത് വെള്ളിയാഴ്ചത്തെ മഴയോടെയാണ്. മഴ ശക്തമായപ്പോൾ നഗരത്തിലെ ഇടറോഡുകളിലാകെ വെള്ളക്കെട്ട് രൂക്ഷമായി.

എം.ജി. റോഡ്, ഇടപ്പള്ളി ടോൾ ജങ്ഷൻ, ഇടപ്പള്ളി ബാങ്ക് ജങ്ഷൻ എന്നീ പ്രധാന റോഡുകളെല്ലാം പതിവുപോലെ വെള്ളത്തിലായി. ഇതിനോടൊപ്പമായിരുന്നു ഇടറോഡിലെ വെള്ളക്കെട്ട്. പ്രധാന റോഡിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷതേടാൻ ഇടറോഡുകളെ ആശ്രയിച്ചവർ കുടുങ്ങി.

മാമംഗലം-പൊറ്റക്കുഴി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടി. ചങ്ങാടംപോക്ക് തോടിന് കുറുകെയുള്ള കലുങ്ക് ഉയർത്തി റോഡ് ഉയർത്താത്തതാണ് ഇവിടത്തെ പ്രശ്‌നം. പാലാരിവട്ടം-കലൂർ ഭാഗത്തെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ നല്ലൊരു വിഭാഗം യാത്രികരും ഉപയോഗിക്കുന്ന റോഡിൽ വെള്ളം കെട്ടിക്കിടന്നതോടെ ഈ റോഡാകെ വലിയ ഗതാഗതക്കുരുക്കായിരുന്നു.

കലൂരിലേക്ക് എത്തിയാൽ സ്ഥിതി അതിലും കഷ്ടമാണ്. വസന്തനഗർ റോഡ് പതിവ് തെറ്റിച്ചില്ല. കൂടെ കലൂർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിലും വെള്ളം കയറി. കലൂർ-കതൃക്കടവ് റോഡിന് സമാന്തമായി ഉപയോഗിക്കുന്ന ആസാദ് റോഡാകെ വെള്ളത്തിലായി. ഷേണായി റോഡിലും മാറ്റമുണ്ടായില്ല.

എറണാകുളം നോർത്ത് പരിസരത്തേക്ക് ചെന്നാലും സാഹചര്യത്തിന് മാറ്റമില്ല. പരമാര റോഡിൽ വലിയ വെള്ളക്കെട്ടായിരുന്നു. എം.ജി. റോഡിൽ നിന്നുള്ള ദ്വരൈസ്വാമി റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുമുള്ള ഇടറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മേനകയിൽ നിന്ന് ബ്രോഡ്‌വേയിലേക്കുള്ള റോഡിലെ പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.

റോഡുകളിൽ നിന്ന് ഓടകളിലേക്ക് വെള്ളം ഒഴുകിപ്പോകാനിട്ടിരുന്ന ദ്വാരങ്ങൾ അടഞ്ഞുപോയതാണ് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് കാരണമായതെങ്കിൽ, ഇടറോഡുകളിലെ കാര്യം ഇതല്ല. ഓടകളിൽ നിന്ന് വെള്ളം കൃത്യമായി ഒഴുകിപ്പോകാത്തതാണ് ഇവിടെ പ്രശ്‌നങ്ങൾക്ക് കാരണം.

എല്ലാം പതിവുപോലെ

കോർപ്പറേഷൻ പരിധിയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കിയിരുന്നു. ഓരോ ഡിവിഷനുകളിലും മൂന്ന് ലക്ഷം രൂപ ഇത്തരത്തിൽ ചെലവാക്കി. പതിവ് പരിപാടികൾ കൃത്യമായി നടത്തിയിട്ടും നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു എന്നത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽ ചോദ്യം ഉയർത്തുകയാണ്.

നഗരപ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന മഴവെള്ളമാണ് വെള്ളക്കെട്ടിന് പ്രശ്‌നമെന്നും അതിനാൽ നഗരത്തിലെ ഓടകളിലെയും കനാലുകളിലെയും തടസ്സങ്ങളും കൈയേറ്റങ്ങളും ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി നീക്കാനും കളക്ടർ തന്നെ നിർദേശം നൽകിയിരുന്നു.

ചങ്ങാടംപോക്ക് തോടിലെ തടസ്സം

ചങ്ങാടംപോക്ക് തോടിൽ വെള്ളം ഒഴുകിപ്പോകുന്നതിലുണ്ടായ തടസ്സമാണ് നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായതെന്ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു. ഇതുമൂലം കലൂർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിലടക്കം വെള്ളം പൊങ്ങാൻ കാരണമായി. ഇതിന് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്. മെട്രോ നിർമാണവുമായി ബന്ധപ്പെട്ടാണ് തോടിൽ തടസ്സം വന്നത്.

നഗരത്തിലെ തോടുകളിലൂടെ സുഗമമായി വെള്ളം ഒഴുകിപ്പോയാൽ തന്നെ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനാകും. വെള്ളക്കെട്ടിന് പരിഹാരം കാണാൻ പി.ഡബ്ല്യു.ഡി., കെ.എം.ആർ.എൽ. തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. അടുത്ത മഴക്കാലത്ത് വെള്ളക്കെട്ട് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എല്ലാ വിഭാഗങ്ങളുടെയും യോഗം വിളിച്ച് ചർച്ചചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം എന്ന് ഹാരിസ് പറഞ്ഞു.