കൊച്ചി: എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി സി.ജി. രാജഗോപാൽ എന്ന ‘മുത്തു’വിന് കൊച്ചിയിൽ പരിചയപ്പെടുത്തലുകൾ വേണ്ട. എപ്പോഴും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന, ഏത് ആൾക്കൂട്ടത്തിലെയും പ്രസന്നമുഖത്തിന് അർഹിക്കുന്ന അംഗീകാരമാണ് സ്ഥാനാർഥിത്വം എന്ന്‌ മുത്തുവിന്റെ ഭാര്യ സവിത ആർ. ഷേണായി പറയുന്നു.

2005-ൽ ആയിരുന്നു വിവാഹം. ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന രമാകാന്ത് ഷേണായിയുടെ മകൾക്ക് പൊതുപ്രവർത്തനം അപരിചിതമല്ല. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ കഴിയേണ്ടി വന്നയാളായിരുന്നു അച്ഛൻ. അതുകൊണ്ട്, മരുമകന്റെ തിരക്ക് കാണുമ്പോൾ തന്റെ കുടുംബക്കാർക്ക് സന്തോഷമേയുള്ളൂ. പൊതു പ്രശ്നങ്ങളോ വ്യക്തിപരമായ പ്രശ്നങ്ങൾക്കോ പരിഹാരം തേടി ആര്‌ വീട്ടിലെത്തിയാലും അതിനൊപ്പെം ചാടിയിറങ്ങുന്നയാളാണ് രാജഗോപാൽ.

പരാതികളും കൊണ്ട് വീട്ടിലേക്ക് പലരും വരാറുണ്ട്. താൻ സ്ഥലത്തില്ലെങ്കിൽ വരുന്നവരുടെ വിവരങ്ങളും ആവശ്യങ്ങളും കൃത്യമായി രേഖപ്പെടുത്തി വെയ്ക്കണമെന്ന് രാജഗോപാലിന് നിർബന്ധമാണ്. അതിൽ എന്തെങ്കിലും വീഴ്ച വന്നാൽ സ്വതവേയുള്ള ശാന്തസ്വഭാവം മാറും. ദേഷ്യപ്പെടുന്ന ഏക സന്ദർഭം അതു മാത്രം - സവിത പറയുന്നു.

ആസാദ് റോഡിലെ ചായക്കട

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ആസാദ് റോഡിലുള്ള ചായക്കടയിൽ ഒഴിവുസമയങ്ങളിൽ ചെന്നിരിക്കും. ‘വിജയൻചേട്ടന്റ കട’ എന്ന് പേരുള്ള അവിടെ വരുന്നവരൊക്കെ സാധാരണക്കാരായിരുന്നു. അവർ പറയുന്ന ജീവിതം കേട്ടറിയുമായിരുന്നു. പൊതുപ്രവർത്തനത്തിലേക്കുള്ള ആദ്യ ചുവടുെവപ്പ്‌ അതായിരുന്നു. പിന്നീട് പലരും അപേക്ഷയെഴുതി കൊടുക്കാനും പരാതികൾ പറയാനും എത്തിത്തുടങ്ങി. പക്ഷേ, ജീവിതമാർഗമായി പൊതു പ്രവർത്തനത്തെ കാണാൻ കഴിയാത്തതിനാൽ പാലക്കാട്ട് ആനക്കട്ടി എന്ന സ്ഥലത്ത് ബിസിനസ് തുടങ്ങി. പക്ഷേ, രാജഗോപാലിനെ കാണാൻ വീട്ടിലെത്തുന്നവരുടെ എണ്ണം കൂടി. യാത്രയ്ക്കും പൊതുപ്രവർത്തനത്തിനും കൂടി 24 മണിക്കൂർ തികയാതെ വന്നപ്പോൾ ബിസിനസ് വേണ്ടെന്നുവെച്ചു -ചെറു ചിരിയോടെ സവിത പറഞ്ഞുനിർത്തി.

വൈറ്റില ടോക് എച്ച്. സ്കൂളിൽ അധ്യാപികയാണ് സവിത. രണ്ട് മക്കൾ, എട്ടാം ക്ലാസുകാരൻ സിദ്ധാർത്ഥും അഞ്ചാം ക്ലാസുകാരൻ കൃഷ്ണകാന്തും. ഇരുവരും തമ്മനം സെയ്‌ന്റ് ജൂഡ് സ്കൂളിൽ പഠിക്കുന്നു. കുഞ്ഞുന്നാൾ മുതൽ കാണുന്നതുകൊണ്ട് അച്ഛന്റെ തിരക്കൊക്കെ മക്കൾക്ക് ശീലമാണ്.

കൊച്ചിയിൽ എന്ത് ആവശ്യമുണ്ടെങ്കിലും ഓടിയെത്താനുള്ള മനസ്സാണ് രാജഗോപാലിനെ വ്യത്യസ്തനാക്കുന്നത്. ആൾക്കൂട്ടത്തിലൊരാളാണെന്ന് അവർക്ക് തോന്നുന്നതു തന്നെയാണ് രാജഗോപാലിന്റെ വിജയവും എന്ന് സഹോദരിമാരും പറയുന്നു.

തിരക്ക് ശീലമാണ്

കൊച്ചി ആസാദ് റോഡിലെ വൈലോപ്പിള്ളി ലെയ്‌നിലെ 31-ാം നമ്പർ വീടിനും വീട്ടുകാർക്കും ആൾക്കൂട്ടം ശീലമാണ്. രാത്രി പത്തുമണി കഴിയും വീട്ടിലെത്താൻ. ഒരുമിച്ച് ഭക്ഷണത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്്. അതുകൊണ്ട് മക്കൾ നേരത്തേ ഭക്ഷണം കഴിച്ചുറങ്ങും.

ഇപ്പോൾ രാവിലെ പ്രചാരണത്തിനിറങ്ങും. ഭക്ഷണമൊക്കെ പുറത്തുനിന്നുതന്നെ. സമീപ പ്രദേശത്തുണ്ടെങ്കിൽ മാത്രം വീട്ടിലേക്ക് വരും. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ തിരക്ക് കൂടി. ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ ആവേശം കൊഴുക്കും.

സുഹൃത്തുക്കൾക്കിടയിലും പരിചയക്കാർക്കിടയിലും വോട്ട് ചോദിച്ചിട്ടുണ്ടെന്ന് സവിത. വീടുകളിൽ പോയും വോട്ടഭ്യർഥിക്കുന്നുണ്ട്. ‘കൊച്ചിയുടെ മനസ്സറിയുന്നൊരാൾ’ എന്ന നിലയിൽ എല്ലാം അനുകൂലമാവുമെന്നാണ് കരുതുന്നതെന്ന് സവിത പറയുന്നു.