കൊച്ചി: നഗരം വളരുകയാണ്, സ്മാർട്ടായും മെട്രോയായുമൊക്കെ. പക്ഷേ, പറഞ്ഞിട്ടെന്താ... സന്ധ്യയായാൽ പലയിടത്തേക്കും ബസ് കാത്തുനിന്നാൽ അവിടെ നിന്ന് വേരുപിടിക്കുകയേ ഉള്ളൂ. മറ്റു വഴി നോക്കിയില്ലെങ്കിൽ വീട്ടിലെത്താനാകില്ല. പല ബസുകളും ട്രിപ്പ് മുടക്കുന്നതാണ് കാരണം.

കാക്കനാട് ഇൻഫോപാർക്ക് പരിസരത്തേക്കും തേവര ഫെറി ഭാഗത്തേക്കുമുള്ള ബസുകളാണ് പ്രധാനമായും ട്രിപ്പ് മുടക്കുന്നത്. പുക്കാട്ടുപടിയിലേക്കുള്ള സ്ഥിതിയും മോശമല്ല. മഞ്ഞുമ്മലിലേക്കാകട്ടെ പകലുപോലുമില്ല ആവശ്യത്തിന് ബസുകൾ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തുന്ന സ്ഥാനാർഥികളോടും ഇവിടങ്ങളിലുള്ളവർ പറയുന്ന പ്രധാന പരാതിയാണിത്.

നഗരത്തിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഇവരുടെ സർവീസ് തോന്നിയതു പോലെയാണ്. രാത്രി പലപ്പോഴും ട്രിപ്പ് മുടക്കും. ഇതോടെ ബസ് കാത്തിരിക്കുന്നവരുടെ സ്ഥിതി കഷ്ടത്തിലാകും. നഗരത്തിൽ വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഈ സ്ഥലങ്ങളിൽ നിന്നു പോകുന്നവരാണ് വൈകീട്ടത്തെ അപ്രതീക്ഷിത ട്രിപ്പ് മുടക്കം മൂലം ഏറെ ബുദ്ധിമുട്ടുന്നത്.

ഇൻഫോപാർക്കിലെ ഐ.ടി. കമ്പനികളിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി ഇറങ്ങുന്നവരും രാത്രിയായാൽ പിന്നെ മറ്റുവഴി തേടണം. പുക്കാട്ടുപടിയിൽ മുമ്പ് കെ.എസ്.ആർ.ടി.സി. ബസുകൾ ആവശ്യത്തിന് സർവീസ് നടത്തിയിരുന്നു. എന്നാൽ, പിന്നീട് പല പ്രശ്നങ്ങളാൽ ഈ സർവീസ് ഇല്ലാതായി. പലപ്പോഴും എറണാകുളം നഗരത്തിൽ നിന്നുള്ള സ്വകാര്യ ബസ് സർവീസുകൾ ഇടപ്പള്ളി ടോളിൽ സർവീസ് നിർത്തുകയാണെന്ന് യാത്രക്കാർ പറയുന്നു.

ഓട്ടോറിക്ഷാക്കാർ പലരും വലിയ തുകയാണ് രാത്രി ചോദിക്കുക. മീറ്ററിൽ കാണിച്ച തുക മേടിക്കാൻ പലരും വിസമ്മതിക്കും. ഓൺലൈൻ ടാക്സികളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോണൊന്നുമില്ലാത്ത സാധാരണക്കാർക്ക് ഇതിനുമാകില്ല.

ട്രിപ്പ് മുടക്കുന്ന ബസുകാർക്കെതിരേ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എങ്കിലേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂവെന്ന് ഇവർ പറയുന്നു. എന്നാൽ, ഫുൾ ടിക്കറ്റുള്ളവർ കൂടുതലും സ്വകാര്യ ബസിൽ കയറുന്നത് വൈകീട്ടാണെന്നും, അതിനാൽ കളക്ഷൻ കൂടുതലുള്ള സമയത്ത് ട്രിപ്പ് മുടക്കേണ്ട ആവശ്യമില്ലെന്നുമാണ് ബസ്സുടമകൾ പറയുന്നത്. ചില സമയങ്ങളിൽ ബസിന് എന്തെങ്കിലും തകരാർ വരുമ്പോൾ മാത്രമാണ് ട്രിപ്പ് മുടക്കേണ്ടി വരുന്നതെന്നാണ് ഇവർ പറയുന്നത്.

കണ്ടെയ്‌നർ റോഡ് വന്നതോടെ മഞ്ഞുമ്മലിലേക്കുള്ള ബസുകളിൽ നിന്ന് പഴയ കളക്ഷൻ ലഭിക്കാതെയായി. ഇതോടെ ഈ റൂട്ട് ബസ്സുടമകൾക്ക് വേണ്ടാതായെന്നും ഇവർ പറയുന്നു.

മനപ്പൂർവം മുടക്കില്ല

കളക്ഷൻ തീരെ കുറഞ്ഞതിനാൽ ബസ് വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണ്. അതിനാൽ സന്ധ്യ കഴിഞ്ഞ് യാത്രക്കാരുടെ തിരക്കുള്ളപ്പോഴുള്ള ട്രിപ്പുകൾ മനപ്പൂർവം മുടക്കാറില്ല.

- എം.ബി. സത്യൻ (കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)