കൊച്ചി: എറണാകുളം ദൊരൈസ്വാമി റോഡിലെ കെട്ടിടത്തിൽ തീപിടിത്തം. ‘മെലാങ് ഡിസൈനിങ് സ്റ്റുഡിയോ’ എന്ന വസ്ത്രവ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ടെറസിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.55-നാണ് സംഭവം.

ഗ്യാസ് സിലിൻഡർ ചോർന്ന് തീപിടിക്കുകയായിരുന്നു. ക്ലബ്ബ് റോഡ് അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സിലൻഡർ പൊട്ടിത്തെറിച്ച് വലിയ അപകടം ഉണ്ടാകാതിരിക്കാൻ സിലിൻഡർ ഏറെ നേരം തണുപ്പിച്ച് നിലനിർത്തുകായായിരുന്നു അഗ്നിരക്ഷാ സേനാംഗങ്ങൾ. ഒരുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായ കണക്ക്.

ക്ലബ് റോഡ് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പി. ഗോപകുമാർ, ലീഡിങ് ഫയർമാൻ പോൾ ഷാജി ആന്റണി, ഫയർമാൻമാരായ സച്ചു, അജേഷ്, ശ്യാംധരൻ, ഹോംഗാർഡ് ഗോപി, ഫയർഫോഴ്‌സ് ഡ്രൈവർ അഭിലാഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.