കൊച്ചി: രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിച്ചത്. അതിന് പ്രതിഫലമായി രോഗിയുടെ മൊബൈൽ തട്ടിയെടുത്തുവെന്ന ആരോപണം വേദനിപ്പിക്കുന്നതാണെന്ന് ആംബുലൻസ് ഡ്രൈവർ. അങ്കമാലിയിൽവച്ച് ട്രക്ക് ഇടിച്ചു ഗുരുതരമായി പരിക്കേറ്റയാളെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് എറണാകുളം സ്‌പെഷ്യലിസ്റ്റ്സ്‌ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റയാൾക്കൊപ്പം രണ്ടു പേർ കൂടിയുണ്ടായിരുന്നു. ഇവരുമായി ഭാഷ വശമില്ലാത്തതിനാൽ സംസാരിച്ചില്ല.

എന്നാൽ, ആംബുലൻസിന്റെ വാടക പരിക്കേറ്റയാളുടെ ബന്ധുക്കൾ എത്തിയതിനു ശേഷം തരാമെന്ന് ആശുപത്രിയിലെ സെക്യൂരിറ്റി മുഖാന്തരം ഇവർ അറിയിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിലേക്ക് യാത്രതിരിച്ച് പകുതി വഴിയായപ്പോൾ ആശുപത്രിയിലെ സെക്യൂരിറ്റിയുടെ ഫോൺവിളി വരികയും പരിക്കേറ്റയാൾക്കൊപ്പമുണ്ടായിരുന്നവർ വണ്ടിയിൽ ഫോൺ വച്ച് മറന്നുവെന്ന് അറിയിക്കുകയായിരുന്നു.

അങ്കമാലിയിലെത്തിയ ശേഷം താൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും ഫയർഫോഴ്‌സിലും ഫോൺ കൈവശമുള്ള വിവരം അറിയിച്ചിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചു. പിന്നീട് പരിക്കേറ്റയാൾ ഓടിച്ചിരുന്ന വാഹന കമ്പനിയുമായി ബന്ധപ്പെട്ട ആളുകളെത്തി ആംബുലൻസ് വാടക തരികയും ഫോൺ തിരികെ വാങ്ങി കൊണ്ടുപോകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.