കൊച്ചി : രാജീവ് ആവാസ് യോജന പദ്ധതി ആറ് വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് പദ്ധതി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.കൊച്ചി നഗരസഭ 398 ഭൂരഹിത കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ 2014-ൽ ആവിഷ്‌കരിച്ചതാണിത്.തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

2014 -ലാണ് സംസ്ഥാന സർക്കാർ പദ്ധതിക്ക് അംഗീകാര നൽകിയത്. 2016-ൽ പദ്ധതി ആരംഭിച്ചു. കൊച്ചി നഗരസഭാ സെക്രട്ടറി കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.398 ഗുണഭോക്താക്കൾക്ക് രണ്ട് ടവറുകൾ നിർമിക്കാനാണ് തീരുമാനിച്ചത്.

ഒരു ടവറിന് 17.25 കോടിയാണ് വകയിരുത്തിയത്. നിലവിൽ ഗ്രൗണ്ട് ഫ്ലോർ സ്ലാബ് വരെയുള്ള ജോലികൾ പുർത്തിയാക്കി. കൂടുതൽ തുക ചെലവായതിനാൽ കരാർ പുതുക്കിക്കൊടുത്താൽ മാത്രമേ കരാറുകാരന് ബാക്കി ജോലികൾ ചെയ്യാൻ കഴിയൂവെന്നും പുതുക്കിയ കരാർ നഗരസഭാ കൗൺസിലിന്റെ അനുമതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നഗരസഭയുടെ അലംഭാവം കാരണമാണ് പദ്ധതി താറുമാറായതെന്ന് പരാതിക്കാരനായ ഫോർട്ട് കൊച്ചി സ്വദേശി ജയ്ഫിൻ കരീം കമ്മിഷനെ അറിയിച്ചു.

പുറത്തുള്ള ഏജൻസിയെക്കൊണ്ട് തയ്യാറാക്കിയ പദ്ധതി രൂപരേഖയിലെ പിശകുകളാണ് കാലതാമസത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.