കൊച്ചി: എസ്.ആർ.എം. റോഡിന്റെ അവസ്ഥ മഹാ കഷ്ടമാണ്. പൈപ്പിടാനായി കുത്തിപ്പൊളിച്ചതാണ്. അന്നുതുടങ്ങി യാത്രക്കാരുടെ ദുരിതവും. നടുവൊടിയുമെന്നൊന്നും പറഞ്ഞാൽ പോരാ, അതിലും ഭീകരമാണ് ഇവിടത്തെ അവസ്ഥ, പോരാത്തതിന് പൊടിശല്യവും. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അത്രയും ദുരിതപൂർണമാണ്.

രണ്ടുമാസത്തിലേറെയായി റോഡിന്റെ ഭൂരിഭാഗവും തകർന്നുകിടക്കുകയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്ക്‌ മുമ്പ്‌ റസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്മകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതുവരെ അധികാരികൾ തിരിഞ്ഞുനോക്കിയിട്ടില്ല.

മഴയെത്തുംമുമ്പെങ്കിലും റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ടാർ ചെയ്യുമോയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. തകർന്നുകിടക്കുന്ന റോഡിലെ കുഴികൾ ഇരുചക്രവാഹനക്കാർക്ക് അപകടമുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. വണ്ടി തിരിക്കാനോ വളയ്ക്കാനോ കഴിയാത്തവിധമാണ് റോഡിലെ കുഴികൾ. വടുതല, പച്ചാളം, ലൂർദ്, ലിസി ആശുപത്രി, നോർത്ത് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴികൂടിയാണിത്.

പൊടിശല്യം രൂക്ഷം

’പൈപ്പിടാൻ കുഴിച്ചതാണെന്ന് പറയുന്നു. എന്തായാലും റോഡിന്റെ അവസ്ഥ കഷ്ടമാണ്. രണ്ടുമാസമായി ഇതാണ് സ്ഥിതി’. എസ്.ആർ.എം. റോഡിൽ ഹോട്ടൽ നടത്തുന്ന കെ.ആർ. ബിനു പറയുന്നു. റോഡിന്റെ ഒരരിക് മാത്രമാണ് യാത്രായോഗ്യമായിട്ടുള്ളത്. രണ്ടുവണ്ടികൾ ഒന്നിച്ചുവന്നാൽ ഗതാഗതക്കുരുക്കാവുന്ന സ്ഥിതിയാണിവിടെ. തകർന്നുകിടക്കുന്ന ഭാഗത്തുനിന്ന്‌ മാറി വാഹനങ്ങൾ ഒരുവശത്തേക്ക് കയറ്റി ഒാടിക്കുന്നത് കാൽനടക്കാർക്കും ഭീഷണിയാണ്. ടാർ ഭൂരിഭാഗവും ഇളകിക്കിടക്കുന്നതിനാൽ പൊടിശല്യവും രൂക്ഷമാണിവിടെ.

ടാറിങ് ഒരാഴ്ചയ്ക്കുള്ളിൽ -കൗൺസിലർ

അമൃത് പദ്ധതിയുടെ ഭാഗമായി പച്ചാളം പമ്പ് ഹൗസിലേക്ക്‌ പൈപ്പിടാനാണ് എസ്.ആർ.എം. റോഡ് പൊളിച്ചതെന്ന് കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ പറഞ്ഞു. പണികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. എസ്.ആർ.എം. റോഡ് വരെയുള്ള ഭാഗത്തെ ജോലികൾ ഫെബ്രുവരി 15-നകം തീരേണ്ടതായിരുന്നു. വാട്ടർ അതോറിറ്റിക്ക്‌ വെള്ളം പരിശോധനകൂടി നടത്താനുണ്ട്. അതുകഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ ടാർ ചെയ്യും. മാർച്ച് 31-ന് അമൃത് പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിനാൽ പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.