കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തേടുന്ന ബ്രേക് ത്രൂ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തെ പ്രവൃത്തിതന്നെ വിവാദമാകുന്നു. കൊച്ചി നഗരത്തിൽ ഏറ്റവുമധികം വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിലൊന്ന് കലൂർ സബ് സ്റ്റേഷനും പരിസരവുമാണ്. ഇവിടെ വെള്ളം പൊങ്ങുന്നതിനോപ്പം സബ്സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാവുന്നതിനാൽ നഗരം ദിവസങ്ങളോളം ഇരുട്ടിലാവുന്ന അവസ്ഥയാണ്.

ബ്രേക് ത്രൂ പദ്ധതി തുടങ്ങിയതുതന്നെ കനത്തമഴയിൽ അഗ്നിരക്ഷാസേനയെക്കൊണ്ട് കലൂർ സബ്സ്റ്റേഷനിലെ വെള്ളം കാരണക്കോടംതോട്ടിലേക്ക് പമ്പുചെയ്ത് കളഞ്ഞുകൊണ്ടായിരുന്നു.

അഗ്നിരക്ഷാസേന വലിയ പമ്പ് ഉപയോഗിച്ച് മൂന്നുദിവസം പമ്പുചെയ്തിട്ടാണ് സബ്സ്റ്റേഷൻ പരിസരത്തെ വെള്ളം ഒഴിവാക്കാൻ സാധിച്ചത്. ബ്രേക് ത്രൂ പദ്ധതിയിലൂടെ പമ്പ് സ്ഥാപിച്ച്, വെള്ളം പൊങ്ങുമ്പോൾ കാരണക്കോടംതോട്ടിലേക്ക് പമ്പുചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവാൻ പോകുന്നില്ലെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്.

കലൂർ സബ്സ്റ്റേഷന്റെ വെള്ളംപൊങ്ങുന്ന ഭാഗത്ത് ചങ്ങാടംപൊക്ക് തോടും അപ്പുറത്ത് സ്റ്റേഡിയം ഭാഗത്ത് കാരണക്കോടംതോടുമാണ്. ഈ രണ്ട് തോടുകളും കാൽനൂറ്റാണ്ട് മുമ്പ് ഒന്നായിരുന്നു. പണ്ട് അതിലൂടെ ചങ്ങാടം പോയിരുന്നതിനാലാണ് ചങ്ങാടംപോക്ക്‌ തോട്‌ എന്ന പേരുതന്നെ ഉണ്ടായത്.

റോഡ് വികസനത്തിന്റെ ഭാഗമായി തോടുമൂടി അടിയിലൂടെ കോൺക്രീറ്റ് പൈപ്പ് ഇട്ട്‌ ബന്ധിപ്പിക്കുകയായിരുന്നു. മെട്രോ സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി ഒരുഭാഗത്തെ പൈപ്പുകൾ എടുത്തുമാറ്റി. ഇതോടെ ഇരു തോടുകളിലേക്കുമുള്ള ഒഴുക്ക് പൂർണമായി നിലച്ചു. കലൂർ സബ്സ്റ്റേഷൻ പരിസരം വെള്ളത്തിലാവുന്നതിനുള്ള പ്രധാനകാരണം ഇതായിരുന്നു.

സബ്സ്റ്റേഷന്റെ പിറകിൽ കറുകപ്പള്ളിവരെ ചങ്ങാടംപോക്ക്‌ തോടിന്റെ ഇരുഭാഗവും വെള്ളത്തിൽ മുങ്ങിയതും ഇതുമൂലമാണ്. ഇത് മനസ്സിലാക്കിക്കൊണ്ടുള്ള ശാശ്വതമായ പരിഹാരമാർഗമാണ് ഉണ്ടാവേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ചങ്ങാടംപോക്ക് തോടിനെയും കാരണക്കോടം തോടിനെയും ബന്ധിപ്പിക്കുകയാണ് അതിന് പ്രധാനമായി വേണ്ടത്. അതിനായി പ്രധാന റോഡിൽ ബോക്സ് കൽവർട്ട് നിർമിക്കണം.

ബ്രേക് ത്രൂ പദ്ധതിയിൽ പത്തിഞ്ച് സ്റ്റീൽ പൈപ്പ് റോഡിന് കുറുകെയിട്ട്, വെള്ളം പൊങ്ങുമ്പോൾ അതിലൂടെ കാരണംക്കോടം തോട്ടിലേക്ക് വെള്ളം പമ്പുചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കനത്ത മഴപെയ്യുമ്പോൾ പദ്ധതി പാളുമെന്ന് സ്ഥലം കൗൺസിലറും സ്ഥിരംസമിതി ചെയർമാനുമായ പി.എം. ഹാരിസ് പറയുന്നു.

പ്രധാന റോഡിൽ പാലാരിവട്ടം ഭാഗത്തുനിന്നും കലൂർ ഭാഗത്തുനിന്നുമുള്ള വെള്ളം ഒഴുകിയെത്തുന്നത് ചങ്ങാടംപോക്ക് തോട്ടിലേക്കാണ്. അതിന് പിന്നിലെ കൊല്ലംപറമ്പ് റോഡിലെ വീതികൂടിയ തോട്ടിൽനിന്ന് വെള്ളം എത്തുന്നതും ചങ്ങാടംപോക്ക് തോട്ടിലേക്കാണ്. കറുകപ്പള്ളിവരെയുള്ള നാല് വലിയ കാനകളിൽനിന്ന് റസിഡൻഷ്യൽ ഏരിയയിലെ വെള്ളംമുഴുവൻ ഒഴുകിയെത്തുന്നതും ഇതിലേക്കാണ്.

ചങ്ങാടംപോക്ക്തോട് പലയിടത്തും കൈയേറിട്ടുള്ളതിനാൽ വീതി നന്നെ കുറഞ്ഞ അവസ്ഥയിലാണ്. അവിടേക്ക് എത്തുന്ന വെള്ളം വേഗത്തിൽ ഒഴുകിേപ്പാകുന്നതിനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്.

കഴിഞ്ഞ മഴയിൽ കലൂർ റോഡിന്റെ സബ്‌സ്റ്റേഷൻ ഭാഗത്ത് വെള്ളം കെട്ടിയപ്പോൾ എതിർഭാഗത്തെ കാരണക്കോടം തോട് കവിഞ്ഞൊഴുകിയിരുന്നില്ല. അതിലേക്ക്‌ നേരിട്ട് വെള്ളം ഒഴുകിപ്പോകുന്ന വിധത്തിൽ ബോക്സ് കൽവർട്ട് സ്ഥാപിക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാവേണ്ടതെന്ന് പൊതു പ്രവർത്തകനായ ടി. ബാലചന്ദ്രൻ പറയുന്നു.

താത്‌കാലിക സംവിധാനം എന്ന നിലയിലാണ് ബ്രേക് ത്രൂ പദ്ധതിയിൽ പമ്പ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. റോഡിൽ ബോക്സ് കൽവർട്ട് നിർമിക്കുക പണച്ചെലവുള്ളതിനാൽ ബ്രേക് ത്രൂവിൽ അത് സാധിക്കില്ലെന്ന നിലപാടാണ് അധികൃതരുടേത്.