ROADകൊച്ചി: നഗരത്തിലെ റോഡുകളുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ച് അറിയിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു. വൈറ്റില, കുണ്ടന്നൂർ മേഖലയിലെ റോഡുകളുടെ സ്ഥിതി പ്രത്യേകം അന്വേഷിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി സി.പി. അജിത് കുമാർ നൽകിയതുൾപ്പെടെയുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

കലൂർ-കതൃക്കടവ് റോഡ് നന്നാക്കാൻ 120 ദിവസത്തെ സമയം വേണമെന്ന് ജി.സി.ഡി.എ. കോടതിയെ അറിയിച്ചു. ഒരു റോഡ് നന്നാക്കാനാണോ ഇത്രയും സമയം ആവശ്യപ്പെടുന്നതെന്ന് കോടതി ഈ ഘട്ടത്തിൽ ചോദിച്ചു. ഡി.എം.ആർ.സി. ഇത്രയും സമയം കൊണ്ട് ഒരു പാലംതന്നെ പൂർത്തിയാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

നഗരത്തിനു പുറത്തുള്ള റോഡുകൾ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, വൈറ്റില കുണ്ടന്നൂർ മേഖലയിൽനിന്ന് യാത്രക്കാർ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്. നഗര പരിധിയിലാണ് റോഡുകളുടെ സ്ഥിതിയിപ്പോൾ മോശമായിട്ടുള്ളത്. ഇതിനെ തുടർന്നാണ് നഗരത്തിലെ റോഡുകളുടെ അവസ്ഥ എന്താണെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ കോടതി അമിക്കസ് ക്യൂറിയോട് നിർദേശിച്ചത്. കേസ് ഫെബ്രുവരി 25-ന് വീണ്ടും പരിഗണിക്കും.