കൊച്ചി: ‘ജി’ സ്മാരക നിർമാണത്തിന് തുരങ്കംവെക്കുന്നത് ആരാണ്...? ആദ്യത്തെ ‘ജ്ഞാനപീഠ പുരസ്കാരം’ മലയാള നാട്ടിലേക്ക് കൊണ്ടുവന്ന ജി. ശങ്കരക്കുറുപ്പിന് സ്മാരകം നിർമ്മിക്കുന്നതിന് ആരാണ് ഉടക്ക് വെക്കുന്നത്...? കഴിഞ്ഞദിവസം മലയാള സാഹിത്യത്തറവാട്ടിലെ അമ്മയായ ഡോ. എം. ലീലാവതി, വേദനയോടെയാണ് ഇക്കാര്യം ചർച്ചയ്ക്കായി വെച്ചത്. ‘ജി. ശങ്കരക്കുറുപ്പിനോട് മരിച്ചശേഷവും ചിലർ പകപോക്കുന്നു’ എന്നായിരന്നു ടീച്ചറുടെ സങ്കടം. കാൽ നൂറ്റാണ്ടായി നഗരം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന സ്മാരകനിർമാണം എന്തുകൊണ്ടാണ് നടക്കാത്തത്...?

കൊച്ചി നഗരസഭയുടെ ബജറ്റുകളിൽ വർഷങ്ങളായി കണ്ടുവരുന്ന ഇനം കൂടിയാണ് ജി. സ്മാരകം. ‘സാംസ്കാരികം’ എന്ന വിഭാഗത്തിൽ ബജറ്റിൽ തുക വകയിരുത്തുന്നതില്ലാതെ, ഒരിക്കലും സ്മാരക നിർമാണം മുന്നോട്ട് പോയില്ല. ഗോശ്രീ പാലത്തിനടത്തെ സ്ഥലത്ത് ഒരു ബോർഡ് വെച്ചിരുന്നു. അതും ഇപ്പോൾ കാണാനില്ല.

‘ജി’ സ്മാരകം നിർമിക്കാൻ ഒരേക്കർ ഭൂമി നൽകണമെന്നതായിരുന്നു ആവശ്യം. അത് ആദ്യം സർക്കാർ പരിഗണിച്ചെങ്കിലും മറൈൻഡ്രൈവിൽ ഗോശ്രീ പലത്തിനടുത്ത സ്ഥലം അനുവദിച്ചുകൊടുത്തില്ല. ആവശ്യം വർഷങ്ങൾ നീണ്ടപ്പോൾ, അനുവദിക്കാമെന്നേറ്റ ഭൂമിയുടെ അളവും കുറഞ്ഞുവന്നു. ഒരേക്കർ എന്നത് 50 സെന്റായും പിന്നീടത് 25 സെന്റായും മാറി. ഒരേക്കർ നൽകാമെന്ന് സർക്കാർ ആദ്യം ഉത്തരവ് ഇറക്കിയിരുന്നതായിരുന്നു. പിന്നീട് കളക്ടർ ഇടപെട്ട് 50 സെന്റ് നൽകാനുള്ള നിർദേശം വെച്ചു. എന്നാൽ, യു.ഡി.എഫ്. സർക്കാർ അത് 25 സെന്റായി കുറച്ചു. എന്നിട്ടും സ്ഥലം വിട്ടുകിട്ടിയില്ല.

സ്മാരകനിർമാണം നീളുന്നത് സംബന്ധിച്ച് ‘മാതൃഭൂമി’യിൽ തുടർച്ചയായി വാർത്തകൾ വന്നപ്പോൾ, കൊച്ചിയിലെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ‘ജി’ സ്മാരക സമിതി രൂപവത്‌കരിച്ച്, പ്രശ്നത്തിൽ ഇടപട്ടു. അവരുടെയും ജോൺ ഫെർണാണ്ടസ് എം.എൽ.എ.യുടേയും ഇടപെടൽ മൂലം സർക്കാർ ഗോശ്രീ പാലത്തിനടുത്ത് 25 സെന്റ് സ്ഥലം ‘ജി’ സ്മാരകത്തിനായി അനുവദിച്ചുനൽകി.

2017 ജൂലായ് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് ‘ജി’ സ്മാരകത്തിനായി സ്ഥലം അനുവദിക്കാൻ തീരുമാനിച്ചത്. ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും സ്മാരക നിർമാണം ഉടനെ തുടങ്ങുമെന്നും കൊച്ചിയിലെ സാംസ്കാരിക നായകർ പ്രതീക്ഷിച്ചു. എന്നാൽ എല്ലാം വെള്ളത്തിൽ വരച്ചതുപോലെയായി.

സ്മാരക നിർമാണത്തിനായി കൊച്ചി നഗരസഭ അഞ്ചുലക്ഷം രൂപ ജനകീയാസൂത്രണ ഫണ്ട് മാറ്റിവെച്ചു. ബാക്കി പണം എം.എൽ.എ. ഫണ്ടിൽനിന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടിൽനിന്നും കണ്ടെത്തുമെന്നും നഗരസഭ പ്രഖ്യാപിച്ചു.

ജൂലായ് 18-ന് ഭൂമി കൈമാറുന്നതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും സ്ഥലം നഗരസഭയ്ക്ക് അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത് വൈകി. ഈ വിഷയവും ‘മാതൃഭൂമി’ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, റവന്യൂ അധികൃതർ എത്തി സ്ഥലം അളക്കാൻ തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കിയില്ല. കോർപ്പറേഷൻ കാട് വെട്ടിത്തളിച്ച് കൊടുത്തില്ലെന്നതായിരുന്നു ന്യായം.

സ്ഥലം ‘ഗ്രീൻ ബെൽറ്റ്‌’ ആയി നിലനിർത്തിക്കൊണ്ടാവണം സ്മാരകം നിർമിക്കാൻ എന്ന് സർക്കാർ നിർദേശിച്ചിരുന്നു. ‘മംഗളവന’ത്തിനോട് ചേർന്നുകിടക്കുന്ന സ്ഥലമായതിനാൽ, അവിടെ വലിയ നിർമാണങ്ങൾ ഒഴിവാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. എന്നാൽ, നിർമാണത്തിലെ അവ്യക്തത ഒഴിവാക്കണമെന്നുകാട്ടി നഗരസഭ സർക്കാരിന് രണ്ടുതവണ കത്തയച്ചു. പിന്നെ ഒന്നും നടന്നില്ല.

ആരും അന്വേഷിക്കാനില്ലാത്തതിനാൽ ‘ജി’ സ്മാരക നിർമാണം അവിടെ നിലച്ചു. നഗരസഭ മനോഹരമായ പ്ലാനും സ്കെച്ചുമെല്ലാം ഉണ്ടാക്കിയെങ്കിലും നിർമാണം മുന്നോട്ടുപോയില്ല. അതുവരെ സ്മാരക നിർമാണത്തിനായി മുന്നിൽ നിന്ന ‘ജി’ സ്മാരക സമിതിയും മൗനത്തിലായി. ജനപ്രതിനിധികളും അതിൽ താത്‌പര്യം കാട്ടിയില്ല.

സർക്കാർ സ്ഥലം അനുവദിച്ചിട്ടും അത് വെറുതെ കിടക്കുന്നതല്ലാതെ നല്ലൊരു സ്മാരകം അവിടെ ഉയർന്നില്ല. നഗരസഭയുടെ ഇപ്പോഴത്തെ ഭരണസമിതിക്ക് മുന്നിൽ ഇനി ഏതാനും മാസങ്ങൾ കൂടി മാത്രമാണ് ഉള്ളത്. വരുന്ന ബജറ്റിൽ പണം വകയിരുത്തി ഉടനെ നിർമാണ പ്രവർത്തനങ്ങളിലേക്ക് നീങ്ങിയാൽ ‘ജി’ സ്മാരകം വൈകാതെ പൂർത്തിയാക്കാൻ കഴിയും. എന്നാൽ, തമ്മിലടിയുമായി കഴിയുന്ന ഭരണസമിതിക്ക് അതിനുള്ള ഇച്ചാശക്തിയുണ്ടോ എന്നാണ് അറിയേണ്ടത്‌.

സ്കെച്ചും പ്ലാനും എപ്പോഴേ റെഡി

കൊച്ചി: ‘ജി’ സ്മാരകത്തിനുള്ള സ്കെച്ചും പ്ലാനുമെല്ലാം നേരത്തെതന്നെ റെഡിയാണ്. കൊച്ചിയിലെ ഫഹദ് ആർക്കിടേക്ട്‌സ്‌ ആണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. അത് കൗൺസിൽ അംഗീകരിച്ചാൽ ഉടനെ നിർമാണം തുടങ്ങാനാവും. ‘മംഗളവന’ത്തിനടുത്തുള്ള സ്ഥലത്ത് പ്രകൃതിക്കിണങ്ങുന്ന വിധത്തിലുള്ള സ്മാരകമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ആംഫി തിയേറ്റർ, ഓഡിറ്റോറിയം, ലൈബ്രറി, കോൺഫറൻസ് ഹാളുകൾ, ടെറാക്കോട്ടയിലും ടൈലുകളിലുമുള്ള മേൽക്കൂര എന്നിവയോടെ ശാന്തസുന്ദരമായ ഇടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.