കൊച്ചി: കേരളത്തെ അടുത്ത 25 വർഷത്തിനുള്ളിൽ കാൻസർ മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. വി.പി. ഗംഗാധരൻ. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ബി.പി.സി.എൽ.-കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ ആരംഭിച്ച മിഷൻ കാൻസർ കെയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നഴ്‌സിങ് കോളേജിലെ 25 നഴ്‌സിങ് വിദ്യാർഥിനികൾ ഉൾപ്പെടെ 26 പേർ കാൻസർ രോഗികൾക്ക് വിഗ്ഗിനായി മുടി മുറിച്ചു നൽകിയതിനെ ഡോ. ഗംഗാധരൻ പ്രശംസിച്ചു. തൃശ്ശൂർ മിറാക്കിൾ ഹെയർ ബാങ്കാണ് വിദ്യാർഥിനികളുടെ മുടി മുറിച്ച് വിഗ്ഗ് നിർമിക്കുന്നത്. വിദ്യാർഥികളുടെ സാമ്പത്തിക സഹായം കോളേജ് പ്രിൻസിപ്പൽ കെ.ആർ. നിർമല ഡോ. ഗംഗാധരന് കൈമാറി.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ഫിനാൻസ് ചീഫ് ജനറൽ മാനേജർ ജി. അനന്തകൃഷ്ണൻ ആശുപത്രിയിലെ കുട്ടികളുടെ കാൻസർ ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. ബി.പി.സി.എൽ. എക്സിക്യുട്ടീവ് ഡയറക്ടർ പി. മുരളി മാധവൻ മുഖ്യപ്രഭാഷണം നടത്തി.