കൊച്ചി: കൊച്ചിയിലെ പഞ്ചാബി സമൂഹത്തിലെ പുതുതലമുറക്കാരൻ സുപ്രിത് ഇനി സുപ്രിത് സിങ് എന്ന പേരിൽ ‘കൊച്ചിയുടെ സർദാർജി’. കേരളത്തിലെ ആദ്യത്തെ ‘ദസ്താർ ബന്ദി’ (തലപ്പാവ് ചടങ്ങ്) തേവരയിലെ ഗുരുദ്വാരയിൽ നടന്നു.

ഞായറാഴ്ച രാവിലെ തേവര ഗുരുദ്വാര സിങ് സഭയിൽ പ്രാർത്ഥനാ ചടങ്ങ് നടന്നു. സഭാ സെക്രട്ടറി അവതാർ സിങ് ചടങ്ങുൾക്ക് നേതൃത്വം നൽകി. എറണാകുളത്തെ ഓട്ടോ മൊബൈൽ വ്യാപാരിയായ സുരേന്ദ്രസിങ് സേഥിയുടെയും റാണി സേഥിയുടെയും മകനായ സുപ്രിത് ഗ്ലോബൽ പബ്ലിക് സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ്. അമ്മാവനായ രാജ്ബീർ സിങ് ആണ് സുപ്രിതിനെ ദസ്താർ ബന്തി നടത്തിയത്. ഇനി മുതൽ സുപ്രിത് ഗുരുഗ്രന്ഥ സാഹിബ് പാരായണം ചെയ്യും. തുടർന്ന് അമ്യത്ധാരി (വ്രതം) ചടങ്ങിന് ശേഷം കൃപാൺ ധരിക്കാം.

കേരളത്തിലെ ഏക ഗുരുദ്വാരയാണ് തേവരയിലേത്. 55 വർഷത്തെ പാരമ്പര്യമുണ്ട്.