കൊച്ചി: സ്ഥിരം സമിതി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് ആലോചിക്കാൻ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ രൂക്ഷമായ വാക്കേറ്റം. ചില സമിതി അംഗങ്ങൾ നേതൃത്വത്തെ അറിയിക്കാതെ രാജിവെച്ചതിനെച്ചൊല്ലി ‘എ’ വിഭാഗക്കാർ തമ്മിലായിരുന്നു വാക്കേറ്റം. ഡെലീന പിൻഹീറോ സ്ഥിരം സമിതിയിൽനിന്ന് രാജിവെച്ചതിനെച്ചൊല്ലിയായിരുന്നു ‘എ’ വിഭാഗക്കാർ തമ്മിൽ ബഹളം വെച്ചത്.
ആരോട് ചോദിച്ചിട്ടാണ് ഡെലീന രാജിവെച്ചതെന്ന് മുതിർന്ന നേതാവ് കെ. ബാബു ചോദിച്ചു. താൻ പറഞ്ഞിട്ടാണെന്ന് എം.ബി. മുരളീധരൻ തിരിച്ചടിച്ചു. അങ്ങനെ ഓരോരുത്തർ പറയുന്നതിന് അനുസരിച്ച് രാജിവെക്കാൻ പോയാൽ എന്താവുമെന്ന ചോദ്യവുമായി ടോണി ചമ്മണിയും ബാബുവിനൊപ്പം നിന്നു. ഇതിനിടെ പഴയ ചില കാര്യങ്ങളും ചർച്ചയിലേക്ക് വന്നപ്പോൾ ഒച്ച പൊങ്ങി. നേതൃത്വത്തോട് ആലോചിക്കാതെ രാജിവെച്ചത് ശരിയായില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദും സമ്മതിച്ചു.
സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് അവസാന നിമിഷം കെ.കെ. കുഞ്ഞച്ചനെ വെട്ടിയത് ‘െഎ’ ഗ്രൂപ്പിലും അസ്വസ്ഥത പടർത്തി. പകരം പി.ഡി. മാർട്ടിൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനാവും. അവസാന നിമിഷം ‘ഡൽഹി വഴി’യുള്ള ഓപ്പറേഷനിലൂടെയാണ് മാർട്ടിൻ ചെയർമാൻ സ്ഥാനത്തേക്ക് വന്നത്. കെ.സി. വേണുഗോപാലിന്റെ ശുപാർശ ഡി.സി.സി.ക്കുമേൽ വന്നപ്പോൾ, മുതിർന്ന അംഗം കെ.കെ. കുഞ്ഞച്ചന് വഴിമാറേണ്ടി വന്നു. ജില്ലയിലെ ‘ഐ’ ഗ്രൂപ്പിനുള്ളിൽ ‘കെ.സി. പക്ഷം’ എന്ന പുതിയ വിഭാഗത്തിന്റെ ആവിർഭാവം കൂടിയായി അത്.
സ്ഥിരം സമിതിയിലേക്ക് അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. കേരള കോൺഗ്രസ് അംഗം ജോൺസൺ മാസ്റ്റർക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം നൽകാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ക്ഷേമകാര്യം കോൺഗ്രസ് തന്നെ കൈയിൽ വെക്കും. പി.ഡി. മാർട്ടിനെ അവിടെ ചെയർമാനാക്കും. ജോൺസൺ മാസ്റ്റർക്ക് ടാക്സ് അപ്പീൽ കമ്മിറ്റി നൽകും. അപ്പോൾ ഇവിടെയെല്ലാം മത്സരം ഉണ്ടാക്കാൻ അംഗങ്ങൾ രാജിവെക്കേണ്ടതായി വരും. അതിലേക്കെല്ലാം തിരഞ്ഞെടുപ്പു വരും.
നഗരാസൂത്രണ സമിതിയിലേക്കും ടാക്സ് അപ്പീൽ കമ്മിറ്റിയിലേക്കും 19-ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനുശേഷം നഗരാസൂത്രണ സമിതി അടക്കം നാല് കമ്മിറ്റികളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് വരും.
നേതൃത്വം തീരുമാനിച്ചവരെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ആരെയൊക്കെ സമിതിയിൽനിന്ന് രാജിവെപ്പിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാൽ സമിതികൾ കൈവിട്ടുപോകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സമിതികൾ കൈവിട്ടുപോയാൽ ആളെ മാറ്റാൻ ഇറങ്ങിയ നേതൃത്വം അണികളോട് മറുപടി പറയേണ്ടതായി വരും.