കൊച്ചി: വളരെ വേഗം വായനാലോകം കീഴടക്കിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന നോവലിന്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാൻ നോവലിസ്റ്റ് ആർ. രാജശ്രീ ശനിയാഴ്ച കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്സ് സ്റ്റാളിൽ എത്തുന്നു.
മികച്ച വായനക്കാരനെന്ന നിലയിൽ അറിയപ്പെടുന്നയാളും സാംസ്കാരിക പ്രവർത്തകനുമായ അജിത് നീലാഞ്ജനം നോവലിസ്റ്റുമായുള്ള സംവാദത്തിന് നേതൃത്വം നൽകും.
ഫെയ്സ്ബുക്കിൽ കുറിപ്പുകളായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധ നേടിയ നോവൽ പിന്നീട് മാതൃഭൂമി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിക്കുകയായിരുന്നു. 40 ദിവസം കൊണ്ട് നാല് പതിപ്പുകൾ വിറ്റുപോയ നോവൽ എഴുതിയ ആർ. രാജശ്രീ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാളം അധ്യാപികയാണ്. മാതൃഭൂമി ബുക്സിന്റെ നവീകരിച്ച ബുക്സ് സ്റ്റാളിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന മുഖാമുഖം വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കും. വിവരങ്ങൾക്ക് 0484-2340989.