കൊച്ചി: ചെണ്ടമേളത്തിലെ കൊമ്പുവാദന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഓടയ്ക്കാലി മുരളിക്ക് വീരശൃംഗല നൽകി ആദരിക്കുന്നു. ഞായറാഴ്ച പെരുമ്പാവൂർ ഓടയ്ക്കാലി നമ്പ്യാർ ചിറങ്ങര ക്ഷേത്രപരിസരത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വീരശൃംഗല കൈമാറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് ശബരിമല മുൻ മേൽശാന്തി ആത്രശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പ്രഗത്ഭർ നയിക്കുന്ന വാദ്യമേളം അരങ്ങേറും.
ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സൗഹൃദ സമ്മേളനം മുൻ എം.എൽ.എ. സാജു പോൾ ഉദ്ഘാടനം ചെയ്യും. 2.30-ന് മോഹിനിയാട്ടം. വൈകീട്ട് നാലിന് സ്വീകരണ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
നാഗരസ്വര വിദ്വാൻ കലൈമണി തിരുവിഴ ജയശങ്കർ വീരശൃംഗല ഓടയ്ക്കാലി മുരളിയെ അണിയിക്കും. മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ ആർ. കെ. ദാമോദരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വൈകീട്ട് ആറിന് ചോറ്റാനിക്കര വിജയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ ചടങ്ങുകൾ അവസാനിക്കും.
പാലേലി മോഹനൻ, പുല്ലുവഴി റെനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.