കൊച്ചി: അലക്ഷ്യമായി എറിഞ്ഞുകളഞ്ഞ പ്ലാസ്റ്റിക് മാലിന്യം പെറുക്കാം, ഒപ്പം ദുർമേദസ്സ് കളയുന്ന വ്യായാമവും ചെയ്യാം. അതായിരുന്നു ദക്ഷിണ നാവിക കമാൻഡന്റിന്റെ പരിപാടിയുടെ സവിശേഷത. സ്വച്ഛാ ഹേ സേവാ സംരംഭത്തിന്റെ ഭാഗമായി സതേൺ നേവൽ കമാൻഡിലെ എല്ലാ യൂണിറ്റുകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ‘പ്ലാസ്റ്റിക് സേ രക്ഷ, സ്വച്ഛാ ഹേ സുരക്ഷ. പ്ലോഗിങ് (ജോഗിങ് ചെയ്യുകയും അതോടൊപ്പം മാലിന്യം ശേഖരിക്കുകയും ചെയ്യുന്ന രീതിയാണ് പ്ലോഗിങ്) വൈസ് അഡ്മിറൽ അനിൽ കുമാർ ചൗളയുടെ നേതൃത്വത്തിലാണ് നടന്നത്. ഒപ്പം, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാൻ എല്ലാവരും പ്രതിജ്ഞയെടുത്തു. തീരദേശവും വൃത്തിയാക്കി. വെണ്ടുരുത്തി പാലം, വാത്തുരുത്തി പാലത്തിന്റെ സമീപപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിപാടി.
പരിസ്ഥിതി സംരക്ഷണത്തിനായാണ് ഈ മാസം ഒന്നുമുതൽ 15 വരെ ‘സ്വച്ഛാ പഖ്‌വാഡ’ ആചരിക്കുന്നത്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കെതിരേ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി. എല്ലാ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും പരിപാടിയുടെ ഭാഗമായി.