കൊച്ചി: പത്തു ലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരവും എഴുന്നൂറോളം സ്റ്റാളുകളും മുന്നൂറില്പരം പ്രസാധകരുമായി വായനക്കാർക്ക് പുതു അനുഭവം സമ്മാനിക്കുകയാണ് 23-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം. വ്യത്യസ്ത ഭാഷകൾ, വിഷയങ്ങൾ, ആശയങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള പുസ്തക ശേഖരമാണ് പുസ്തകോത്സവത്തിന്റെ പ്രത്യേകത.
ഗ്രോളിയാർ ഇന്റർനാഷണൽ, ഐ.സി.എച്ച്.ആർ., ഐ.ജി.എൻ.സി.എ., ഇസ്‌ലാം ഇന്റർനാഷണൽ പബ്ലിക്കേഷൻസ്, മോത്തിലാൽ ബനാർസിദാസ്, നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാങ്‌ഗ്വേജ് എന്നിവരുടെ സ്റ്റാളുകളിൽ അപൂർവ പുസ്തകശേഖരങ്ങൾ ലഭ്യമാണ്.
കുട്ടികൾക്ക് പ്രിയപ്പെട്ട അമർ ചിത്രകഥ, ഫിംഗർ പ്രിന്റ്, വണ്ടർ ഹൗസ്, പെഗാസസ്, ആപ്പിൾ പബ്ലിഷിങ്, ഡ്രീം ബുക്ബൈൻഡറി എന്നിവരുടെ മികച്ച ശേഖരമാണ് പുസ്തകോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചിത്രകഥകളും കുഞ്ഞിക്കഥകളും കവിതകളും സാരാംശവുമെല്ലാം ഈ സ്റ്റാളുകളിൽനിന്ന് ലഭിക്കും.
കേന്ദ്ര സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവരുടെ പുസ്തകങ്ങളും മേളയിൽ പങ്കാളികളാണ്.
ജീവിതം രേഖപ്പെടുത്തുന്ന കൃതികൾ
ആത്മകഥ, ജീവചരിത്രം തുടങ്ങിയവയിലൂടെ ജീവിതം രേഖപ്പെടുത്തുന്ന കൃതികൾ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മാതൃഭൂമി ബുക്സ്സ്റ്റാളിനെ വായനക്കാർക്ക് പ്രിയപ്പെട്ട ഇടമാക്കുന്നു. ‘ഹൈമവതഭൂവിൽ’ എന്ന വിഖ്യാത കൃതിക്കുശേഷം എം.പി. വീരേന്ദ്രകുമാർ എഴുതിയ പുസ്തകമാണ് ‘വിവേകാനന്ദൻ-സന്ന്യാസിയും മനുഷ്യനും’ എന്ന ജീവചരിത്രം. ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളെയെല്ലാം ഇച്ഛാശക്തികൊണ്ട് മറികടന്ന ഒരു മനുഷ്യനെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. 999 രൂപ മുഖവിലയുള്ള പുസ്തകം മാതൃഭൂമി സ്റ്റാളിൽ 850 രൂപയ്ക്കു ലഭിക്കും.
പത്രപ്രവർത്തകനായ ടി.ജെ.എസ്. ജോർജ് എഴുതിയ ‘വി.കെ. കൃഷ്ണമേനോൻ’, പദ്മ സുബ്രഹ്മണ്യത്തിന്റെ ആത്മകഥയായ ‘പദ്മദളം’, ചാർളി ചാപ്ലിന്റെ ‘എന്റെ ആത്മകഥ’, റസ്കിൻ ബോണ്ടിന്റെ ‘ഹിമാലയത്തിൽ നിന്നുള്ള കുറിപ്പുകൾ’, ‘കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ’ തുടങ്ങിയ കൃതികളും വായനക്കാർ തേടിയെത്തുന്ന പുസ്തകങ്ങളാണ്.
മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ആകർഷകമായ വിലക്കുറവും മാതൃഭൂമി ബുക്സ് സ്റ്റാളിൽ ലഭിക്കും.