കൊച്ചി: നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയ സമ്മേളനം ശനിയാഴ്ച മുതൽ എറണാകുളത്ത് നടക്കുമെന്ന് നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് മറൈൻ ഡ്രൈവിൽനിന്ന് മത്സ്യത്തൊഴിലാളികളുടെ റാലി നടക്കും. വൈകീട്ട് അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് നരേന്ദ്ര പാട്ടീൽ ഉദ്ഘാടനം ചെയ്യും. വേൾഡ് ഫിഷ് വർക്കേഴ്‌സ് ഫോറം ഭാരവാഹിയായ ശ്രീലങ്കൻ സ്വദേശി ഹെർമർ കുമാര, ഹൈബി ഈഡൻ എം.പി., കെ.ജെ. മാക്‌സി എം.എൽ.എ., മുൻ എം.പി. റിച്ചാർഡ് ഹേ, പ്രൊഫ. കെ.വി. തോമസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലന ബിൽ, ഉൾനാടൻ മത്സ്യബന്ധന ബിൽ, കടൽ മത്സ്യക്കൃഷി ഉയർത്തുന്ന വെല്ലുവിളികൾ, തീരക്കടൽ, കപ്പൽപാത തുടങ്ങിയ വിഷയങ്ങളിൽ മത്സ്യമേഖലയിലെ വിദഗ്ദ്ധർ സെമിനാറുകൾ നയിക്കും. തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഓരോ തീരദേശ സംസ്ഥാനത്തെയും പ്രതിനിധികൾ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിക്കും. നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, വലേരിയൻ ഐസക്, ദിലീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.