കൊച്ചി: മന്ത്രിമാർ കൂടെ കളത്തിൽ ഇറങ്ങിയതോടെ എറണാകുളം ഉപ തിരഞ്ഞെടുപ്പ് കൂടുതൽ ഉഷാറായി. മന്ത്രിമാരായ എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും കുടുംബ സദസ്സുകളിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടി ആവേശമുണർത്തി.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൽനിന്ന് ഇടതുമുന്നണി തിരിച്ചെത്തിക്കഴിഞ്ഞു. പാലായിൽ നൽകിയ ഉജ്ജ്വല വിജയത്തിലൂടെ ജനം തങ്ങളുടെ പൊതുവികാരം പ്രകടിപ്പിച്ചതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

വൈകുന്നേരം വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ റെസിഡൻഷ്യൽ മേഖലകളിൽ ഭവന സന്ദർശനം നടത്തി. രാവിലെ മന്ത്രി എ.സി. മൊയ്തീൻ കറുകപ്പിള്ളിയിലുള്ള കലൂർ ജമാഅത്തെ പ്രസിഡന്റ് ടി.ഇ. ബിലാലിന്റെ വീട് സന്ദർശിച്ചു. ജമാഅത്തെ ഭാരവാഹികളായ പി. എം. അസീസ്, എ.കെ. സലാം എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് അബാദ് ഫ്ലാറ്റിൽ നടന്ന കുടുംബയോഗത്തിലും എ.സി. മൊയ്തീൻ പങ്കെടുത്തു.