കൊച്ചി: കേരളത്തിൻറെ വലിയ ജൈവ സമ്പത്തായ വേമ്പനാട്ടു കായലിനെ കുറിച്ചുള്ള ഗവേഷണത്തിൽ പങ്കാളികളായി 250-ഓളം വിദ്യാർഥികൾ. രോഗകാരികളായ ‘വിബ്രിയോ ബാക്ടീരിയ’കളടക്കമുള്ള സൂക്ഷ്മജീവികളുടെയും വെള്ളത്തിലെ മറ്റ് ഘടകങ്ങളുടെയും സാന്നിധ്യം കായലിൽ എവിടെയൊക്കെയാണെന്ന് ‘റിമോട്ട് സെൻസിങ്‌’ വിദ്യ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനൊപ്പമാണ് (സി.എം.എഫ്.ആർ.ഐ.) പഠനം.

ഇവർ കായലിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കായലിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ‘സെക്കി ഡിസ്കു’കൾ ഉപയോഗിച്ച് വെള്ളത്തിന്റെ നിറ വ്യത്യാസങ്ങളെടുക്കുകയും ഇവ വിദ്യാർഥികൾ മൊബൈൽ ആപ്പ് വഴി പങ്കുവെയ്ക്കുകയുമാണ് ചെയ്യുന്നത്. കൂടെ, വിവരങ്ങൾ എടുക്കുന്ന സ്ഥലത്തെ ചിത്രങ്ങളും പകർത്തും. ഇവ ഉപഗ്രഹ വിവരങ്ങളുമായി ഒത്തുനോക്കി കൂടുതൽ വ്യക്തത വരുത്തുകയും ഭാവിയിൽ ഏതൊക്കെ ഭാഗങ്ങളിലാണ് വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതലുള്ളതെന്ന് മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുകയും ചെയ്യും.

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 16 കോളേജുകളിൽനിന്നുള്ള വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ കായലിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയത്.

ഇന്ത്യ-യു.കെ. സംയുക്ത പദ്ധതിയുടെ ഭാഗമായി സി.എം.എഫ്.ആർ.ഐ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി (എൻ.ഐ.ഒ.), നാൻസൻ എൻവയോൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ (നെർസി), യു.കെ.യിലെ പ്ലിമത്ത് മറൈൻ ലബോറട്ടറി എന്നിവ സംയുക്തമായാണ് വേമ്പനാട്ടുകായലിൽ ഗവേഷണം നടത്തുന്നത്.

അടുത്ത ഘട്ടത്തിൽ, കായലിനു സമീപമുള്ള നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പഠനത്തിന്റെ ഭാഗമാക്കുമെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.