കാക്കനാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച കാക്കനാട് ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തൃക്കാക്കര പോലീസ് സ്റ്റേഷന്‌ സമീപം പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച്‌ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടുവന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളി, ഉണ്ണി കാക്കനാട്, ഹബീബ് പേരേപ്പാടൻ, കെ.ബി. ഷെരീഫ്, ജാബിർ, റസൽ മുഹമ്മദ്, ജിതിൻ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

മാർഗതടസ്സം സൃഷ്ടിച്ചതിനും അക്രമം കാണിച്ചതിനും യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് പി.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നേതാക്കളായ നൗഷാദ് പല്ലച്ചി, പി.കെ. അബ്ദുൾ റഹ്‌മാൻ, സേവ്യർ തായങ്കേരി, എം.ഒ. വർഗീസ്, ഷാജി വാഴക്കാല, പി.എസ്. സുജിത്ത്, അലി ഷാന, റഫീക്‌ പൂതേലി, സീന റഹ്‌മാൻ, റോണിമേരി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.