കൊച്ചി: വേമ്പനാട് കായലിലെ മാലിന്യത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ള ഉപഗ്രഹ മാപ്പിങ്ങുമായി ബന്ധപ്പെട്ട സംയുക്ത പഠനത്തിൽ ഇനി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കാളികളാകാം. കായലിലെ രോഗകാരികളായ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യവും മറ്റ് ഘടകങ്ങളും നിറ വ്യത്യാസങ്ങളിലൂടെ റിമോട്ട്‌ സെൻസിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് പദ്ധതി. ഇന്തോ-യു.കെ. സംയുക്ത പദ്ധതിയുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി (എൻ.ഐ.ഒ), നാൻസൻ എൺവയോൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ (നെർസി), യു.കെ.യിലെ പ്ലിമൗത്ത് മറൈൻ ലബോറട്ടറി എന്നിവർ സംയുക്തമായാണ് വേമ്പനാട് കായലിന്റെ മാപ്പിങ്‌ നടത്തുന്നത്.

എന്താണ് പഠനം

കോളറയ്ക്ക് കാരണമാകുന്ന വിബ്രിയോ ബാക്ടീരിയകളും വെള്ളത്തിലടങ്ങിയിരിക്കുന്ന മറ്റനേകം ഘടകങ്ങളും കായലിൽ ഏതൊക്കെ ഭാഗങ്ങളിലാണ് കൂടിയും കുറഞ്ഞും കണ്ടുവരുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുകയും ഈ സ്ഥലങ്ങൾ റിമോട്ട്‌ സെൻസിങ്‌ വിദ്യകളുപയോഗിച്ച് മാപ്പിങ്‌ നടത്തി ഭാവിയിൽ പൊതുജന സുരക്ഷയ്ക്കായി മുന്നറിയിപ്പ് നൽകുന്ന സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതി.

പരിശീലനം

താത്‌പര്യമുള്ളവർക്ക് ഓഗസ്റ്റ് അഞ്ചിന് സി.എം.എഫ്.ആർ.ഐ.യിൽ സൗജന്യ പരിശീലനം നൽകും. താത്‌പര്യമുള്ളവർക്ക്‌ science.cmfri@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയയ്ക്കാം. ഫോൺ: 9746866845, 8547857036. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം ലഭിക്കുക.