കൊച്ചി: പേരണ്ടൂർ റോഡിൽ ജങ്ഷന് സമീപത്തായി പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായി. റോഡ് തകരുകയും പ്രദേശമാകെ ചെളിക്കെട്ടാകുകയും ചെയ്തതോടെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

എളമക്കര, കലൂർ ഭാഗങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പേരണ്ടൂർ റോഡിന്‌ അടിയിലൂടെ പോയിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുകയായിരുന്നു. പുറത്തേക്ക്‌ ചീറ്റിയൊഴുകിയ വെള്ളത്തിന്റെ മർദത്തിൽ റോഡ് തകരുകയും റോഡിൽ ചെളിനിറയുകയും ചെയ്തതോടെ ഇതുവഴി വാഹനങ്ങൾക്ക്‌ പോകാൻ കഴിയാത്ത സാഹചര്യമായി.

തുടർന്ന്, വാട്ടർ അതോറിറ്റി അധികൃതർ ഇതുവഴിയുള്ള പമ്പിങ് തടസ്സപ്പെടുത്തിയതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് നിന്നത്.

പേരണ്ടൂർ വഴി പോകേണ്ട വാഹനങ്ങളെല്ലാം തടസ്സപ്പെട്ട് റോഡിൽ കിടന്നതോടെ ഗതാഗതക്കുരുക്കും ഉണ്ടായി. പിന്നീട് എളമക്കര പോലീസ് ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിച്ചു.

കലൂരിൽ നിന്ന് പേരണ്ടൂർ റോഡ് വഴി എളമക്കരയ്ക്ക് പോകേണ്ട വാഹനങ്ങളെ കീർത്തിനഗർ റോഡ്-പൊറ്റക്കുഴി-മാമംഗലം റോഡ് തുടങ്ങിയ വഴികളിലൂടെയും ഇടപ്പള്ളി, എളമക്കര ഭാഗത്തുനിന്ന് വന്ന വാഹനങ്ങളെ പുന്നയ്ക്കലിൽ നിന്ന് ദേശാഭിമാനി റോഡ് വഴിയും കടത്തിവിട്ടു.

അതേസമയം, പേരണ്ടൂർ റോഡ് വഴി പോകേണ്ട വാഹനങ്ങൾ കൂടി ദേശാഭിമാനി റോഡിലെത്തിയതോടെ അവിടെയും ഗതാഗതക്കുരുക്കായി.

പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനായി റോഡ് പൊളിച്ച്‌ പണിനടത്തേണ്ടി വരും. അതിനാൽത്തന്നെ വരുംദിവസങ്ങളിലും ഇതിലൂടെ ഗതാഗതം സാദ്ധ്യമാകില്ല. റോഡിൽ കുഴിയെടുത്ത് പൈപ്പ് ശരിയാക്കിയ ശേഷം, പിന്നീട് റോഡ് ടാറിട്ടാൽ മാത്രമേ ഗതാഗതം പൂർവസ്ഥിതിയിലാക്കാനാകൂ. റോഡ് പൊളിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.