കൊച്ചി: പുതിയ റൂട്ടിന്റെ ഉദ്ഘാടനത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ, കൊച്ചി മെട്രോയുടെ തലപ്പത്ത് മാറ്റം. എ.പി.എം. മുഹമ്മദ് ഹനീഷിനെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി ബുധനാഴ്ച രാത്രിയോടെയാണ് ഉത്തരവിറങ്ങിയത്. പകരം നിയമനത്തെ കുറിച്ച് സൂചനയില്ല.
എലിയാസ് ജോർജ് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് മുഹമ്മദ് ഹനീഷ് മെട്രോയുടെ എം.ഡി.യായി നിയമിക്കപ്പെട്ടത്. 2017 നവംബറിൽ ആയിരുന്നു അത്.
പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഹനീഷിന്റെ മാറ്റത്തിന് കാരണമായി പറയുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായും ഈ മാറ്റം വിലയിരുത്തപ്പെടുന്നുണ്ട്.
പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മെട്രോയുടെ പുതിയ എം. ഡി.യെക്കുറിച്ച് സർക്കാർ സൂചന നൽകിയിട്ടില്ല. കുറച്ചുനാളത്തേക്ക് താത്കാലിക ചുമതല ആർക്കെങ്കിലും നൽകാൻ സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കും ഈ കാലയളവിൽ മെട്രോ.
എം.ഡി. നിയമനത്തിന് നാലു പേരെയാണ് സർക്കാർ പരിഗണിക്കുന്നത്. ഈ ലിസ്റ്റിൽനിന്ന് ഒരാളുടെ നിയമനം താമസിയാതെ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.