കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിവിധ രേഖകൾ പരിശോധിക്കുന്നു. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് കിറ്റ്കോ, ആർ.ബി.ഡി.സി.കെ. എന്നീ സ്ഥാപനങ്ങളുടെ പക്കലുള്ള രേഖകളാണ് പരിശോധിക്കുന്നത്. ആവശ്യമുള്ളത് പിടിച്ചെടുക്കുകയും ചെയ്യും. ഇവ കോടതിയിൽ സമർപ്പിക്കും. ഇത്തരം നടപടികൾക്ക് ശേഷമായിരിക്കും ക്രമക്കേടിൽ പങ്കാളികളായവരെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുക. ഇവർക്ക് ഹാജരാകാനായി നോട്ടീസും നൽകും.
അതിനിടെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഇ. ശ്രീധരൻ അടക്കം മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി ശാശ്വത പരിഹാരമല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വലിയ കണ്ടെയ്നറും ലോറികളും പോകുന്ന മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. സി.എം. ജോയി പറഞ്ഞു.