ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി കടപ്പുറത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്തതിനാൽ കൊച്ചിയുടെ ആഘോഷമായ കാർണിവൽ പരിപാടികൾ ഇക്കുറിയും അനിശ്ചിതത്വത്തിലാണ്. ഫോർട്ടുകൊച്ചിയിൽ ഇടയ്ക്കിടെ കടൽ കയറുന്നതാണ് പ്രശ്നം. നോക്കിയിരിക്കെ കരയെ കടൽ വിഴുങ്ങുന്ന സ്ഥിതി. വടക്കും തെക്കും കടപ്പുറം വല്ലാതെ കുറഞ്ഞു. കഴിഞ്ഞവർഷം കുറെഭാഗത്ത് കരയുണ്ടായിരുന്നു. പിന്നീട് ക്രിസ്മസ് കാലത്ത് പൊടുന്നനെ കര കാണാതായി.

ഓഖിയെ തുടർന്നുള്ള പ്രശ്നങ്ങളാണ് അന്ന് കാർണിവൽ സംഘാടകരെ വലച്ചത്. ഇക്കുറിയും പുതുവത്സര പരിപാടികൾക്ക് ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കടപ്പുറത്തിന്റെ കാര്യത്തിൽ ഒന്നും പറയാൻ കഴിയുന്നില്ല. കാർണിവലിന്റെ പ്രധാന പരിപാടികളിലൊന്നായ പപ്പാഞ്ഞിയെ കത്തിക്കൽ നടത്തുന്നത് കടപ്പുറത്താണ്. ഡിസംബർ 31-ന് അർധരാത്രിയിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് കൊച്ചിയിലെത്തുന്നത്.

കടപ്പുറത്ത് നേരത്തെ ഇതിന് സൗകര്യമുണ്ടായിരുന്നു. കഴിഞ്ഞവർഷം കര നഷ്ടമായപ്പോൾ സർക്കാർ ഇടപെട്ടു. പരിപാടി അവിടെനിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ കടപ്പുറത്ത് പരിപാടി നടത്തരുതെന്നായിരുന്നു നിർദേശം. ഒടുവിൽ പരേഡ് ഗ്രൗണ്ടിലാണ് പപ്പാഞ്ഞിയെ കത്തിച്ചത്. ഇതും വലിയ ആക്ഷേപങ്ങൾക്കിടയാക്കി. അണ്ടർ സെവന്റീനായി നവീകരിച്ച മൈതാനത്ത് പപ്പാഞ്ഞിയെ കത്തിച്ചതിനാൽ മൈതാനത്തിന് നാശമുണ്ടായി. അതിന് നഷ്ടപരിഹാരം നൽകേണ്ട ചുമതല കാർണിവൽ കമ്മിറ്റിക്കായി.

ഇക്കുറിയും കടൽ ചതിച്ചാൽ ആഘോഷങ്ങൾ മൈതാനത്തേക്ക് മാറ്റേണ്ടി വരും. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെക്കും. ഇപ്പോൾ പരേഡ് മൈതാനം പൂട്ടിയിട്ടിരിക്കുകയാണ്. ഡിസംബർ അവസാനത്തോടെ കൂടുതൽ കരയുണ്ടാകുമെന്ന കണക്കുകൂട്ടലാണ് കാർണിവൽ സംഘാടകർക്ക്. കാലാവസ്ഥയിൽ കാര്യമായ വ്യതിയാനമുണ്ടായില്ലെങ്കിൽ ഇക്കുറി പപ്പാഞ്ഞിയെ കത്തിക്കൽ കടപ്പുറത്ത് നടത്താനാകുമെന്ന് മുൻ മേയർ കെ.ജെ. സോഹൻ പറഞ്ഞു. അതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

ഏതായാലും ഫോർട്ടുകൊച്ചിയിൽ നിലവിലുള്ള കടപ്പുറം വൃത്തിയാക്കുന്ന ജോലികൾ ഫോർട്ടുകൊച്ചി സബ് കളക്ടർ മുൻകൈയെടുത്ത്‌ ആരംഭിച്ചിട്ടുണ്ട്. കുറെ നാളായി കടപ്പുറം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. പായൽ വന്ന് അടിയുന്നതാണ് പ്രശനം. ജെ.സി.ബി. കൊണ്ടുവന്ന് പായൽ നീക്കി കടപ്പുറം വൃത്തിയാക്കുകയാണ്. ഹെറിറ്റേജ് സോൺ സൊസൈറ്റിയും ഡി.ടി.പി.സി.യുമൊക്കെ ചേർന്നാണ് ഈ ജോലികൾ നിർവഹിക്കുന്നത്. സബ് കളക്ടർ സ്നേഹിൽകുമാർ സിങ് കടപ്പുറത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.