കൊച്ചി: ‘കുട്ടനാടൻ പുഞ്ചയിലെ...’ എന്ന ഗാനത്തിന്റെ താളത്തിനൊത്ത് അവർ ചുവടുവെച്ചു... അവർക്കിടയിൽ നിന്ന്, അവരിൽ ഒരാളായി സ്റ്റീഫൻ ദേവസി അവർക്കായി കീബോർഡിൽ താളംപിടിച്ചു... പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളായിരുന്നു അവർ.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഒരുങ്ങുന്ന സംസ്ഥാന സർക്കാരിന് കൈത്താങ്ങായി കലാകാരൻമാർ മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ‘വി ഷാൽ ഓവർകം’ എന്ന പരിപാടിയായിരുന്നു വേദി.

സ്റ്റീഫൻ ദേവസി കാണികൾക്കിടയിൽ പ്രത്യക്ഷപ്പെട്ടാണ് പരിപാടി ആരംഭിച്ചത്. വേദിയിലേക്ക് എത്തിയ അദ്ദേഹം തമിഴ്, ഹിന്ദി നമ്പരുകൾക്കു ശേഷം ‘ഡെയ്‌സി’ എന്ന സിനിമയിലെ ‘ഓർമതൻ വാസന്ത...’ എന്ന ഗാനത്തിലേക്കെത്തി. ഈണം വായിച്ചശേഷം ബാക്കി കാണികളെക്കൊണ്ട് പാടിക്കുകയായിരുന്നു. ‘ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാൻ...’ എന്ന പാട്ട് കാണികൾ ഏറ്റുപാടി.

ഇതിനു ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയ അമ്പതോളം മത്സ്യത്തൊഴിലാളികളെ അദ്ദേഹം വേദിക്ക് മുന്നിലേക്ക് വിളിച്ചത്. അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന സ്റ്റീഫൻ ദേവസി അവർക്കായി ‘കുട്ടനാടൻ പുഞ്ചയിലെ’ പാടുകയും താളമിടുകയുമായിരുന്നു.

തുടർന്ന് നരേഷ് അയ്യർ, സംഗീത സംവിധായകൻ ബിജിബാൽ, സുനിത സാരഥി തുടങ്ങിയവർ രംഗത്തെത്തി. ‘മലമേലെ തിരിവെച്ച്...’ എന്ന തന്റെ തന്നെ പാട്ടാണ് ബിജിബാൽ പാടിയത്. മട്ടന്നൂർ ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത്, കരുണമൂർത്തി, ശ്രീരഞ്ജിനി, സ്റ്റീഫൻ ദേവസി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫ്യൂഷൻ സംഗീതപ്രേമികളെ ഇളക്കിമറിച്ചു. അന്തരിച്ച വയലിൻ വാദകൻ ബാലഭാസ്കറിന് ആദരവേകിയും പരിപാടി നടന്നു.

സംഗീതപരിപാടിക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ, സ്പോൺസർഷിപ്പിലൂടെ ലഭിച്ച 6.85 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. പ്രതിഫലം പറ്റാതെയാണ് കലാകാരൻമാരെല്ലാം ഈ പരിപാടിയിൽ പങ്കെടുത്തത്.

ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, റോട്ടറി ഇന്റർനാഷണൽ, സ്റ്റീഫൻ ദേവസിയുടെ സുഹൃദ് സംഘം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം സീസൺ ആരംഭിക്കുന്ന ഘട്ടത്തിൽ ഈ മേഖലയ്ക്ക് ഉണർവുപകരാൻ കൂടിയായിരുന്നു പരിപാടി.