കൊച്ചി: വൈറ്റില - കാക്കനാട് ഫെറി സർവീസ് ജനകീയമാക്കാൻ രണ്ട് നിർദേശങ്ങളുമായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ). വൈറ്റില - കാക്കനാട് റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഇതേ റൂട്ടിലൂടെ പോകുന്ന ഫെറി സർവീസ്. വൈറ്റിലയിൽ നിന്ന് കാക്കനാട് വരെ നാല് സ്റ്റോപ്പുകളാണ് സർവീസിൽ അനുവദിച്ചിരിക്കുന്നത്. ആറാട്ട്കടവ് ജെട്ടി, എരൂർ ജെട്ടി, തൂതിയൂർ ജെട്ടി, ഇരുമ്പനം ജെട്ടി എന്നിവയാണത്.

ഇൻഫോപാർക്ക്, രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കളക്ടറേറ്റ് എന്നിവിടങ്ങളിലേക്കുള്ള ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കുമെല്ലാം ഗതാഗതക്കുരുക്കില്ലാതെ എത്തിച്ചേരാൻ സാധിക്കുന്ന ഈ ഗതാഗത മാർഗം അത്ര ജനപ്രിയമല്ല ഇപ്പോൾ. കാക്കനാട് ബോട്ട് ജെട്ടിയിലെത്തിയ ശേഷം അടുത്തൊരു ഗതാഗത മാർഗം സ്വീകരിച്ച് യാത്ര തുടരാൻ ബുദ്ധിമുട്ടാണെന്നതാണ് കാരണം.

ജൂൺ ഒന്നിന് സി.പി.പി.ആർ സംഘടിപ്പിച്ച കൊച്ചി പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫിറുള്ള ഈ റൂട്ടിൽ ഫെറിയിൽ സഞ്ചരിച്ചിരുന്നു. ജനങ്ങൾക്ക് ഫെറി സൗകര്യം എന്തുകൊണ്ട് ബുദ്ധിമുട്ടാവുന്നു എന്നത് കണ്ടെത്തുന്നതിനായിരുന്നു ഇത്. തുടർന്നാണ് സി.പി.പി.ആർ ഇതിനേക്കുറിച്ച് പഠനം നടത്തിയതും രണ്ട് നിർദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചതും.

ബോട്ട് ജെട്ടികൾ മാറ്റി സ്ഥാപിക്കണം

bb

കാക്കനാട് ബോട്ട് ജെട്ടി സീപോർട്ട് - എയർപോർട്ട് റോഡിനോട് ചേർന്ന് മാറ്റി സ്ഥാപിക്കണമെന്നതാണ് ആദ്യത്തെ നിർദേശം. നിലവിൽ ചിത്രപ്പുഴ പാലത്തിന്റെ കിഴക്കുഭാഗത്താണിത്. കാക്കനാട് ഫെറിയിൽ വന്നിറങ്ങുന്ന യാത്രക്കാർ 400 മീറ്ററിലധികം നടന്ന് വേണം ഏറ്റവുമടുത്തുള്ള ബസ് സ്റ്റോപ്പിലെത്താൻ. എന്നാൽ, ചിത്രപ്പുഴ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ഭാഗത്ത് ഒരു ബോട്ട് ജെട്ടി നിർമിക്കാനുള്ള സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ജെട്ടി മാറ്റി സ്ഥാപിച്ചാൽ യാത്രികർക്ക് വെറും 100 മീറ്റർ നടന്ന് ബസ് സ്റ്റോപ്പിലെത്താനാകും. കാക്കനാട്ടേക്കും ഇൻഫോപാർക്കിലേക്കുമെല്ലാം ഇവർക്ക് വളരെ വേഗത്തിൽ എത്താൻ സാധിക്കും. കാക്കനാട് ബോട്ട് ജെട്ടി കൂടാതെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് (കിൻഫ്ര) ചേർന്ന് ഒരു പുതിയ ബോട്ട് ജെട്ടിയും കൂടി നിർമിക്കണമെന്നും നിർദേശമുണ്ട്.

bb

ബസ് സ്‌റ്റോപ്പിലേക്കെത്താൻ സൗകര്യമൊരുക്കണം

bb

കാക്കനാട് ബോട്ട് ടെർമിനലിൽ നിന്ന് ഇൻഫോപാർക്കിലേക്ക് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്. 35 മുതൽ 40 വരെയാണ് ഓട്ടോ നിരക്ക്. ഒരാൾക്ക് ദിവസവും ഈ നിരക്കിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. ഇവിടെ ഷെയർ ഓട്ടോ സംവിധാനം പ്രാവർത്തികമാക്കുകയാണെങ്കിൽ ഒരു ഓട്ടോറിക്ഷയിൽ മൂന്ന് പേർ എന്ന കണക്കിൽ ഒരു യാത്രികന് 10 മുതൽ 12 രൂപ വരെ മാത്രമേ നൽകേണ്ടി വരികയുള്ളൂ.

പിക്-അപ്പ്, ഡ്രോപ്പ്-ഓഫ് സംവിധാനങ്ങളും നടപ്പിലാക്കേണ്ടതുണ്ട്. ഇതൊടൊപ്പം ബോട്ട് ജെട്ടി വരെ ചെറുബസുകളും അനുവദിക്കണം. കുറച്ചധികം ആളുകൾക്ക് യാത്രചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള മിനി ബസുകൾ രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ ഏഴുവരെയും ഈ റൂട്ടിൽ സർവീസ് നടത്തുന്നത് ഫെറി സർവീസിനെ ആശ്രയിക്കുന്നവർക്ക് സൗകര്യപ്രദമാകും. ഫീഡർ സർവീസുകൾക്ക് വേണ്ട ഫണ്ടുകൾ ഇൻഫോപാർക്കിലെ ഐ.ടി. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് കണ്ടെത്താനും സാധിക്കും.

bb

സുരക്ഷ ശക്തമാക്കണം

bb

ബോട്ട് ജെട്ടികളുടെ സുരക്ഷയും ശക്തമാക്കേണ്ടതുണ്ട്. സി.സി.ടി.വി ക്യാമറകളും, അഗ്നി സുരക്ഷാ സംവിധാനങ്ങളും ജെട്ടികളിൽ ശക്തമാക്കണം. ബോട്ട് ജെട്ടികൾക്കരികിൽ പാർക്കിങ് സ്ഥലവും, കാത്തിരിപ്പ് കേന്ദ്രം, മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നിവയും ഉണ്ടായിരിക്കണം. ബോട്ടുകളിൽ ജി.പി.എസ്. ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നതും സഹായകമാകും.