കൊച്ചി: മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ രാമേശ്വരം ആസ്ഥാനമാക്കി 2015-ൽ ആരംഭിച്ച എ.പി.ജെ. അബ്ദുൾകലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ കേരള ചാപ്റ്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 11-ന് കൊച്ചിയിൽ ഡോ. ശിവതാണുപിള്ള നിർവഹിക്കുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് അബ്ദുൾകലാം ചേഞ്ച് മേക്കർ അവാർഡുകൾ വിതരണം ചെയ്യും. കലാമിന്റെ അപ്രകാശിത രചനകളുടെ സമാഹാരമായ ‘രാമേശ്വരം’ എന്ന പുസ്തകത്തിന്റെ മുഖച്ചിത്ര പ്രകാശനവും നടക്കും.

കേരള ചാപ്റ്റർ ചെയർമാനായി വി. സുനിൽ കുമാർ, സെക്രട്ടറിയായി അൻസിഫ് അഷ്‌റഫ് എന്നിവരെ തിരഞ്ഞെടുത്തു.

ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ മൂത്ത സഹോദരൻ എ.പി.ജെ. മുഹമ്മദ് മുത്തു മീര മരയ്ക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടുന്നതാണ് ഫൗണ്ടേഷൻ. ഫൗണ്ടേഷൻ ട്രസ്റ്റിമാരായ എ.പി.ജെ. എം.ജെ. ഷെയ്ഖ് സലിം, എ.പി.ജെ. ഷെയ്ഖ് ദാവൂദ്, എക്‌സി. ബോർഡ് അംഗം ഡോ. കെ. അബ്ദുൾ ഗനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.