കിഴക്കമ്പലം : ഒറ്റരാത്രി പെയ്ത മഴകൊണ്ടാണ് ഒരു പ്രദേശമാകെ വെള്ളത്തിലായത്. കുന്നത്തുനാട് പഞ്ചായത്ത് 16-ാം വാർഡിലെ പാപ്പാറക്കടവ് തോടരികിലെ ഏഴ് വീടുകളിലും പുരയിടങ്ങളിലുമാണ് വെള്ളംകയറിയത്. പുല്ലും മാലിന്യങ്ങളും നിറഞ്ഞ പാപ്പാറക്കടവ് തോട് കരകവിഞ്ഞൊഴുകിയാണ് വീടുകളിൽ വെള്ളമെത്തിയത്.
കാലവർഷം തുടങ്ങുന്നതിനുമുമ്പായി ശുചീകരണം നടത്തണമെന്ന് കളക്ടർ ഉത്തരവിട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. കളക്ടറുടെ ഉത്തരവ് പാലിച്ചിരുന്നെങ്കിൽ വെള്ളക്കെട്ടിൽനിന്ന് രക്ഷപ്പെടാമായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞവർഷം കാലവർഷക്കാലത്ത് ഇവിടത്തെ ഏഴു വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഒരുമാസക്കാലം മാറിത്താമസിച്ചതാണ്. റോഡിന് സമീപമുള്ള റോഡിൽ വെള്ളം കെട്ടിക്കിടന്നതിനാൽ രണ്ടാഴ്ചയാണ് ഗതാഗതം മുടങ്ങിയത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ തോട്ടിലൂടെ വഞ്ചികളിൽ കൊച്ചിയിലേക്ക് കാർഷികോത്‌പന്നങ്ങളും കരിങ്കല്ല് മുതലായ നിർമാണവസ്തുക്കളും വഞ്ചിയിൽ കൊണ്ടുപോയിരുന്നു. തിരിച്ച് അവിടെനിന്ന് പലവ്യഞ്ജനങ്ങളും മറ്റും കൊണ്ടുവരികയും ചെയ്തിരുന്നു.
അന്ന് തോട് ചെളിയും മാലിന്യങ്ങളുമില്ലാതെ വൃത്തിയായിരുന്നു. ഇപ്പോൾ തോട് യാഥാസമയം ചെളിയും പുല്ലും മാലിന്യങ്ങളും നീക്കി ശുചിയാക്കാൻ ആരും ശ്രമിക്കുന്നില്ല. ഇനിയെങ്കിലും തോട് ശുചിയാക്കി വരുന്ന മഴകളിൽ നിന്നെങ്കിലും രക്ഷിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു .തോട് ശുചിയാക്കി പ്രദേശവാസികളെ വെള്ളക്കെട്ടിൽനിന്ന് രക്ഷിക്കണമെന്ന് എവർഗ്രീൻ റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.