കിഴക്കമ്പലം: വർഷങ്ങളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ച എരുമേലി തോട് ശുചീകരണം തുടങ്ങി. അച്ചപ്പൻകവലയിലെ പാലം മുതൽ എരപ്പുംപാറ വരെ ശുചീകരിക്കാനാണ് തീരുമാനം.
തോട്ടിൽ ചില ഭാഗങ്ങളിൽ ഒരുമീറ്റർ ആഴത്തിലാണ് ചെളിയും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നത്. ചാക്കുകളിൽ കോഴിമാലിന്യങ്ങൾ, സദ്യാവശിഷ്ടങ്ങൾ, ചത്ത പട്ടികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. നീരൊഴുക്ക് നിലച്ച തോട് പലയിടത്തും വെള്ളക്കെട്ടിനും കാരണമായി. തോട് ശുചീകരണം പൂർത്തിയാകുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകുമെന്ന് കർഷകർ പറഞ്ഞു.
തോട്ടിൽ ചെളിനിറഞ്ഞതും തോടുബണ്ട് ഇടിഞ്ഞു കിടക്കുന്നതും വെള്ളമൊഴുക്കിന് തടസ്സവും പാടശേഖരങ്ങളിലും പുരയിടങ്ങളിലും വെള്ളക്കെട്ടിന് കാരണവുമായിരുന്നു. ഇക്കാരണത്താൽ പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ കർഷകർ തയ്യാറാകാറില്ല. കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20യാണ് തോട് ശുചീകരണം ഏറ്റെടുത്തിട്ടുള്ളത്. തോടുകളിലൂടെ സഞ്ചരിച്ച് ചെളി കോരുന്നതിന് പ്രത്യേക യന്ത്രമാണ് ഉപയോഗിക്കുന്നത്.
കിഴക്കമ്പലം പഞ്ചായത്തിലെ പ്രധാന തോടുകളിലെയെല്ലാം ചെളികോരി ശുചീകരണം നടത്തിയതോടെ കഴിഞ്ഞവർഷങ്ങളിൽ മറ്റു പ്രദേശങ്ങളിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കം കിഴക്കമ്പലം പഞ്ചായത്തിൽ കാര്യമായി ബാധിച്ചില്ല.